Your Image Description Your Image Description

ഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം വിജയകരമാക്കിയത് രാജ്യാന്തര അതിര്‍ത്തിയോ നിയന്ത്രണ രേഖയോ കടക്കാതെയെന്ന് കേന്ദ്രസർക്കാർ. തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമടക്കമാണ് ഇന്ത്യ ഉപയോ​ഗിച്ചത്. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈൽ, OSA – AK, LLAD എന്നീ ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകൾ എന്നിവ ഉപയോഗിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചത്. പാകിസ്ഥാന്‍റെ ചൈനീസ് നിർമിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാൻ ഇന്ത്യയ്ക്കായി. 23 മിനിറ്റ് കൊണ്ട് ആക്രമണം പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമടക്കം ചേര്‍ന്നുള്ള സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്നാണ് വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. പഹൽഗാമിൽ വിനോദ സഞ്ചാരികള്‍ക്കുനേരെ ഭീകരരുടെ ആക്രമണം ഉണ്ടായി. അതിനുള്ള മറുപടിയായി ഇന്ത്യ നൽകിയ കൃത്യമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂര്‍. രാജ്യാന്തര അതിര്‍ത്തിയോ നിയന്ത്രണ രേഖയോ കടക്കാതെ പാകിസ്ഥാനിലെ തീവ്രവാദ താവളങ്ങള്‍ സൈന്യം തകര്‍ത്തു.

തന്ത്രപരമായ നീക്കത്തിനൊപ്പം ദേശീയ പ്രതിരോധ മേഖലയിലെ അത്യാധുനിക സംവിധാനങ്ങളുടെ സംയോജനമാണ് ദൗത്യത്തിലൂടെ കാണാനായത്. ഡ്രോണ്‍, പല തലങ്ങളിലുള്ള പ്രതിരോധ സംവിധാനം തുടങ്ങിയവയുടെ കൃത്യമായ ഉപയോഗമാണ് ദൗത്യത്തിലുണ്ടായത്. ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി പാകിസ്ഥാൻ മെയ് ഏഴിനും എട്ടിനും രാത്രി അതിര്‍ത്തിമേഖലയിൽ ആക്രമണങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു. എട്ടിന് രാവിലെ പാകിസ്ഥാനിലെ ലാഹോറിലെയടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സൈന്യം തകര്‍ത്തു. ആകാശ് സിസ്റ്റവും ഫലപ്രദമായി ഉപയോഗിച്ചു. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് അയക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ മിസൈൽ സംവിധാനമാണ് ആകാശ്. സോവിയറ്റ് കാലഘട്ടത്തിലുള്ള പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനമായ എസ്-125/നെവ/ പെച്ചോര വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ആധുനീകവത്കരിച്ചശേഷമാണ് സൈന്യം ഫലപ്രദമായി ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *