Your Image Description Your Image Description

രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ആര് നയിക്കും എന്നതാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നുവരുന്ന ചോദ്യം. ഒരു സീനിയർ താരമെന്ന നിലയിൽ രോഹിത് ശർമ വിരമിച്ച സമയത്ത് കോഹ്‌ലി അടുത്ത ക്യാപ്റ്റനാകുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ താരവും വിരമിച്ചതോടെ ഈ റിപ്പോർട്ടുകൾ അസ്ഥാനത്തായി. നിലവിൽ യുവതാരം ശുഭ്മന്‍ ഗില്ലിന്‍റെ പേരാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത്. ഗിൽ അല്ലാതെ മറ്റൊരു പേര് ഉയരുന്നത് റിഷഭ് പന്തിന്റെയാണ്.

സീനിയർ താരം ബുമ്ര പരിഗണനയിൽ ഉണ്ടെങ്കിലും ജസ്പ്രീത് ബുമ്രക്ക് ഫിറ്റ്നെസ് പ്രശ്നമാകുമെന്നതിനാലാണ് സെലക്ടര്‍മാര്‍ രോഹിത്തിന്‍റെ പിന്‍ഗാമിയായി ശുഭ്മന്‍ ഗില്ലിനെയും റിഷഭ് പന്തിനെയും പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഗില്ലിനെ ക്യാപ്റ്റനാക്കുന്നതിനെതിരെ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. പ്ലേയിംഗ് ഇലവനില്‍ പോലും സ്ഥാനം ഉറപ്പില്ലാത്ത ഒരു താരത്തെ എങ്ങനെയാണ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനാക്കുകയെന്ന് ശ്രീകാന്ത് ചോദിച്ചു.

ജസ്പ്രീത് ബുമ്രയോ റിഷഭ് പന്തോ ആണ് ഇന്ത്യൻ ക്യാപ്റ്റനാവേണ്ടതെന്നും ഇരുവരും ക്യാപ്റ്റനാവുന്നില്ലെങ്കില്‍ കെ എല്‍ രാഹുല്‍ ആണ് ആ സ്ഥാനത്തിന് അര്‍ഹനെന്നും ശ്രീകാന്ത് പറഞ്ഞു. വിദേശത്ത് ഗില്ലിന്‍റെ മോശം റെക്കോര്‍ഡ് ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്തിന്‍റെ വിമര്‍ശനം. വിദേശത്ത് കളിച്ച 12 ഇന്നിംഗ്സുകളില്‍ 19 റണ്‍സ് മാത്രമാണ് ഗില്ലിന്‍റെ ബാറ്റിംഗ് ശരാശരി. വിദേശത്ത് ഒരു അര്‍ധസെഞ്ച്വറി പോലും നേടാന്‍ ഗില്ലിനായിട്ടില്ല. ഓപ്പണറെന്ന നിലയില്‍ 31.54 ശരാശരി മാത്രമുള്ള ഗില്ലിന് ഇംഗ്ലണ്ടിലും മികച്ച പ്രകടനം നടത്താനായിട്ടില്ല. ഇംഗ്ലണ്ടില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ 88 റണ്‍സ് മാത്രമാണ് ഗില്ലിന്‍റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *