Your Image Description Your Image Description

മോ​ഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് തരുണ്‍ മൂര്‍ത്തി ആണ്. ഇപ്പോഴിതാ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചത്. കൂടാതെ നേട്ടത്തില്‍ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു.

‘എന്നും എപ്പോഴും കൂടെ നിന്നവര്‍ക്ക് 200 കോടി നന്ദി’, എന്ന പോസ്റ്റര്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.

ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്. മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് മുമ്പ് 200 കോടി കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 200 കോടി പിന്നിടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മലയാളത്തില്‍ 200 കോടി പിന്നിട്ട മൂന്നെണ്ണത്തില്‍ രണ്ടും ഇതോടെ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളാണ്. ‘എമ്പുരാന്‍’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നീ ചിത്രങ്ങളാണ് നേരത്തെ 200 കോടി ക്ലബ്ബില്‍ ഇടംനേടിയിട്ടുള്ളത്.

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *