Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ഇനി ഫെയ്സ് റെകഗ്നിഷന്‍ പഞ്ചിംഗ്. മുഖം തിരിച്ചറിയുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. എന്‍ഐസി വികസിപ്പിച്ചെടുത്ത ഈ സംവിധാനം നേരുത്തേ പരീക്ഷണാടിസ്ഥാനത്തില്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയത് വിജയകരമായതിനാലാണ് സര്‍ക്കാരിന്റെ ഈ ഉത്തരവ്.

ആധാര്‍ അധിഷ്ഠിത സ്പാര്‍ക്ക് ബന്ധിത ബയോമെടിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച മെഷീനുകളില്‍ എല്‍ സീറോ അടിസ്ഥാനമാക്കിയ സെന്‍സറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ഡിവൈസുകളും എല്‍ വണ്‍ അടിസ്ഥാനമാക്കിയ സെന്‍സറുകളിലേയ്ക്ക് മാറ്റാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ എല്ലാ ഡിവൈസുകളും എല്‍ വണ്ണിലേയ്ക്ക് മാറുന്നത് വരെ നിലയില്‍ എന്‍ഐസിയുടെ ഫെയ്സ് റെക്കഗ്നിഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം മെഷീനുകള്‍ സ്ഥാപിച്ച ഓഫീസുകളില്‍ നടപ്പിലാക്കിയിരുന്നു.

സ്പാര്‍ക്ക് മുഖേന ശമ്പള ബില്‍ തയ്യാറാക്കുന്നതും മെഷീനുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ലാത്തതുമായ എല്ലാ ഓഫീസുകളും മേല്‍പ്പറഞ്ഞ സംവിധാനം അടിയന്തരമായി നടപ്പില്‍ വരുത്തി സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്നും ഉത്തരവ് പറയുന്നു. നിലവില്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുളള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനരഹിതമാകുന്നതുവരെ ഉപയോഗിക്കാം. അതോടൊപ്പം ആവശ്യമെങ്കില്‍ ഫെയ്സ് റെക്കഗ്നിഷന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ കൂടി ഉപയോഗപ്പെടുത്താം.

സൗജന്യമായാണ് എന്‍.ഐ.സി സോഫ്റ്റ് വെയര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ഇതുപയോഗിച്ച് പഞ്ച് ചെയ്യാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ വേണമെന്ന് നിര്‍ബന്ധമില്ല. മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ഈ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ എല്‍ വണ്ണിലേക്ക് മാറേണ്ടി വരികയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *