Your Image Description Your Image Description

മലയാളത്തിലെ ഹോളിവുഡ് ചിത്രമായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. സ്‌പൈഡർമാൻ, ബാറ്റ്മാൻ എന്നൊക്കെ പറയുന്നതു പോലെ മലയാളിക്ക് അഹങ്കാരത്തോടെ പറയാൻ പറ്റുന്ന പേരായി മിന്നൽ മുരളി മാറി. മുണ്ടുടുത്ത ഹീറോയ്ക്ക് പാൻ ഇന്ത്യൻ തലത്തിൽ അംഗീകാരം നേടിക്കൊടുത്ത സിനിമയാണ് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി. 2021-ലാണ് ചിത്രം പുറത്തിറങ്ങിയത്.
കുട്ടികളും മുതിർന്നവരും ഒരു പോലെ ഏറ്റെടുത്ത സിനിമ നിരവധി പ്രശസ്ത താരങ്ങളുടെ സാന്നിധ്യം കൊണ്ടും ഏറെ സമ്പന്നമായിരുന്നു. തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഒടിടിയിൽ ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു.
ഹോളിവുഡ് സൂപ്പർ ഹീറോസിനെ മാത്രം കണ്ടു പരിചയിച്ച മലയാളിക്ക് ബേസിൽ ജോസഫ് സമ്മാനിച്ച തനി നാടൻ ഹീറോയാണ് മിന്നൽ മുരളി. നർമ്മരംഗങ്ങളും ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും ഒരുപോലെ പാകത്തിന് ചേർത്ത് ഒരുക്കിയ സിനിമയായിരുന്നു മിന്നൽ മുരളി. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയവും മികച്ച നിരൂപക പ്രശംസ നേടി. സംവിധായകൻ എന്ന നിലയിൽ ബേസിൽ ജോസഫിന് രാജ്യാന്തര തലത്തിൽ അംഗീകാരം നേടിക്കൊടുത്ത സിനിമ കൂടിയാണ് ഇത്. ഫെമിന, ഷെല്ലി, സ്‌നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ സോഫിയ പോളാണ് മിന്നൽ മുരളി നിർമ്മിച്ചത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്‌സ് ആണ് സോഫിയ നിർമിച്ച ആദ്യ ചിത്രം. തുടർന്ന് നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ നിർമ്മിക്കാൻ സോഫിയ പോളിന് സാധിച്ചു മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആർഡിഎക്‌സ്, കൊണ്ടൽ തുടങ്ങിയ ചിത്രങ്ങൾ സോഫിയ നിർമ്മിച്ചതാണ്.

മിന്നൽ മുരളി ഇറങ്ങിയപ്പോൾ തന്നെ അതിന്റെ രണ്ടാം ഭാഗം എപ്പോൾ ഇറങ്ങും എന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. മിന്നൽ മുരളി രണ്ടാം ഭാഗം വരികയാണെങ്കിൽ വലിയ ക്യാൻവാസിനുള്ള ചിത്രം ആയിരിക്കുമെന്ന് സംവിധായകൻ ബേസിക് ജോസഫ് അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മിന്നൽ മുരളിയുടെ രണ്ടാം ഭാഗം വൈകുന്നതിനെ കുറിച്ചുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സോഫിയ. സോഫിയ പോളിന്റെ വാക്കുകൾ: മിന്നൽ മുരളിയൂടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ആ സമയത്താണ് ബേസിൽ ജോസഫ് ശക്തിമാൻ സിനിമ ചെയ്യാൻ പോയത്. അതു കാരണം ആ സിനിമ കഴിഞ്ഞിട്ട് രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കാം എന്നു വിചാരിച്ചു. എന്റെ മകൻ കെവിനാണ് ബേസിനോട് മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കുന്നത്. അത് നടക്കാൻ ഞങ്ങൾക്ക് വലിയ ആഗ്രഹമുണ്ട്.
മിന്നൽ മുരളി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയാണ്. അപ്പോൾ എന്തായാലും ടോവിനോയ്ക്കും ബേസിലിനും അതിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹം കാണും. അതുപോലെ തന്നെ ഞങ്ങൾക്കും ആഗ്രഹമുണ്ട്. അത് നടക്കുമ്പോൾ നടക്കട്ടെ എന്നാണ് ഞങ്ങൾ ഇപ്പോൾ വിചാരിക്കുന്നത്. അതിനു വേണ്ടി കാത്തിരിക്കുകയാണ് സോഫിയ പറയുന്നു .
സോഫിയ മാത്രമല്ല, മലയാള സിനിമ ഇഷ്ടപ്പെടുന്ന കുട്ടികളും വലിയവരുമായ വലിയൊരു കൂട്ടം കാത്തിരിക്കുകയാണ് മിന്നൽ മുരളിയ്ക്കു വേണ്ടി. സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് വന്ന ബേസിൽ ജോസെഫിന്റെതായി അവസാനമിറങ്ങിയ ചിത്രം മരണമാസ്സ്‌ ആണ്. പുതിയ സംവിധായകനായ ശിവപ്രസാദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിന് വൻകയ്യടിയാണ് തിയേറ്ററിൽ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *