Your Image Description Your Image Description

ഹൈ ഹീൽസ് ധരിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്ന് വിചിത്ര നിയമമുള്ള ന​ഗരം. കാലിഫോർണിയയുടെ മധ്യ തീരത്തുള്ള കാർമെൽ-ബൈ-ദി-സീ എന്ന അതിമനോഹരമായ ന​ഗരത്തിലാണ് ഈ വിചിത്ര നിയമം. മനോഹരമായ കോട്ടേജുകൾ, സീ വ്യൂ, തെരുവു വിളക്കുകളോ വീട്ടുനമ്പറുകളോ ഇല്ല എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഉള്ള നാടാണിത്. ഇവിടെ രണ്ടിഞ്ചിൽ കൂടുതൽ നീളമുള്ള ഹൈ ഹീൽസ് ധരിക്കണമെങ്കിൽ പ്രത്യേകം അനുമതി വാങ്ങണം.

ട്രാവൽ വ്ലോ​ഗറായ സോറി (@Zorymory) ആണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘കാലിഫോർണിയയിലെ ഈ ന​ഗരത്തിൽ ഹൈ ഹീൽസ് ധരിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് നിങ്ങൾക്ക് അറിയാമോ എന്ന്’ ചോദിച്ചുകൊണ്ടാണ് അവൾ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഇവിടുത്തെ നടപ്പാതകളുടെ പ്രത്യേകതകൾ കൊണ്ടാണത്രെ ഹൈ ഹീൽസ് ധരിക്കരുത് എന്ന് പറഞ്ഞിരിക്കുന്നത്. ഹൈ ഹീൽസ് ധരിച്ച് നടക്കുന്നത് അപകടമുണ്ടാക്കും എന്ന ആശങ്ക കാരണമാണ് ഹൈ ഹീൽസ് ധരിക്കുന്നതിന് വിലക്ക്. എന്നാൽ, പ്രത്യേക​ പെർമിഷൻ വാങ്ങിയ ശേഷം ഹൈ ഹീൽസ് ധരിക്കാനുള്ള അനുവാദവും ഉണ്ട്.

വീഡിയോയിൽ ഇൻഫ്ലുവൻസർ ഹൈ ഹീൽസ് ധരിക്കുന്നതിന് വേണ്ടിയുള്ള അനുമതി തേടി പോകുന്നതും പിന്നീട് അനുമതി വാങ്ങിയ ശേഷം ഹൈ ഹീൽസ് ധരിച്ച് നടക്കുന്നതും കാണാവുന്നതാണ്. ഈ പ്രത്യേക അനുമതിക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ട കാര്യമൊന്നുമില്ല. അത് വളരെ എളുപ്പത്തിൽ നേടാവുന്നതേ ഉള്ളൂ എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.

എന്തായാലും, വളരെ കൗതുകത്തോടെയാണ് നെറ്റിസൺസ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പലരും കമന്റിൽ ചോദിച്ചിരിക്കുന്നതും എന്തുകൊണ്ടാണ് ഇവിടെ ഹൈ ഹീൽസ് ധരിക്കുന്നത് നിയമവിരുദ്ധമാകുന്നത് എന്നാണ്. ഒപ്പം ഈ ന​ഗരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്താനും ആളുകൾ മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *