Your Image Description Your Image Description

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ ദൃക്സാക്ഷികളുടെ മൊഴിയെടുത്ത് എൻഐഎ. രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചുകൂട്ടി നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്ജമ്മു ജയിലിലുള്ള രണ്ട് ഭീകരരെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നിസാർ അഹമ്മദ് , മുസ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട് ജയിലിലാണ് ഇരുവരും.

എൻ ഐഎ അന്വഷണത്തിൽ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ. പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം, സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാര്‍ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിര്‍മിച്ച അണക്കെട്ടാണ് ബഗലിഹാര്‍. ജലവൈദ്യുത പദ്ധതിയായ ബഗലിഹാറില്‍ നിന്ന് പാകിസ്താനിലേക്ക് ജലമൊഴുകുന്നത് ഇന്ത്യ തടഞ്ഞിരിക്കുകയാണ്.

ഇതിന് സമാനമായ നടപടി ഝലം നദിയുടെ പ്രധാന കൈവഴിയായ നീലം നദിയില്‍ നിര്‍മിച്ചിട്ടുള്ള കിഷന്‍ഗംഗ ഡാമിലും സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിന്ധു നദീജലക്കരാര്‍ പ്രകാരം പാകിസ്താന് പൂര്‍ണമായും ഉപയോഗിക്കാവുന്ന നദികളാണ് ചെനാബ്, ഝലം എന്നിവ. എന്നാല്‍ ഇവ ഒഴുകുന്നത് ജമ്മുകശ്മീരില്‍ നിന്ന് പാകിസ്താനിലേക്കാണ്. ഇന്ത്യയ്ക്ക് ഇവയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാത്രമേ അവകാശമുള്ളു. 1960 ലോഗബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ചതാണ് സിന്ധു നദീജല കരാര്‍. ഈ കരാറാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലൈ ഇന്ത്യ മരവിപ്പിച്ചത്.

ചെനാബ്, ഝലം നദികളിലുടെയൊഴുകുന്ന ജലം പാകിസ്താന് ലഭിക്കാതെ വന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഇന്ത്യ ജലം തടഞ്ഞുനിര്‍ത്തുമെന്ന് പാകിസ്താന്‍ എന്നും ഭയന്നിരുന്ന പദ്ധതികളായിരുന്നു ബഗലിഹാറും കിഷന്‍ഗംഗയും. 2008ലാണ് ബഗലിഹാര്‍ അണക്കെട്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. രണ്ടാം ഘട്ടം 2016ലും. സിന്ധുനദീജല കരാറിന് വിരുദ്ധമാണ് അണക്കെട്ടിന്റെ നിര്‍മാണമെന്ന് ആരോപിച്ച് പാകിസ്താന്‍ പലതവണ ഇത് മുടക്കാന്‍ ശ്രമിച്ചിരുന്നു. 2007 ല്‍ തുടങ്ങി 2018ല്‍ പൂര്‍ത്തിയായതാണ് കിഷന്‍ഗംഗ അണക്കെട്ട്. ഇതിനെതിരെയും പാകിസ്താന്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. രണ്ട് പദ്ധതികളും മുടക്കാന്‍ നടത്തിയ പാകിസ്താന്റെ ശ്രമം ഇന്ത്യ നിയമപരമായി തന്നെ പരാജയപ്പെടുത്തി. ഈ രണ്ട് പദ്ധതികളും ഉപയോഗിച്ചാല്‍ പാകിസ്താനിലേക്കൊഴുകുന്ന ജലത്തിന്റെ ഭൂരിഭാഗവും ഇന്ത്യയ്ക്ക് തടയാനാകും.

അതേസമയം, ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാൻ ഏത് തരത്തിലുള്ള നിർമതിയുണ്ടാക്കിയാലും അതിനെ തകര്‍ക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. പഹല്‍ഹാം ഭീകരാക്രമണത്തി​ന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടിയിലെ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലും പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തുടരുകയാണ്. പാകിസ്ഥാന്‍റെ കാർഷിക ഭൂമിയുടെ 80 ശതമാനത്തിനും വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. പാകിസ്ഥാന്‍റെ ജലം വഴിതിരിച്ചുവിടുന്നത് ‘ആക്രമണത്തിൻ്റെ മുഖമായി’ കണക്കാക്കുമെന്നാണ് ഖവാജ ആസിഫ് ആവർത്തിച്ചത്. സിന്ധു തടത്തിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ ഇന്ത്യ നീങ്ങിയാൽ പാകിസ്ഥാന്‍റെ പ്രതികരണം എന്തായിരിക്കുമെന്നായിരുന്നു ചോദ്യം. ‘അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും… അവർ (ഇന്ത്യ) ഇത്തരത്തിലുള്ള ഒരു വാസ്തുവിദ്യാ ശ്രമം നടത്തിയാൽ പോലും, പാകിസ്ഥാൻ ആ നിർമ്മിതി നശിപ്പിക്കും” – ഖവാജ ആസിഫ് പറഞ്ഞു.

എന്നാൽ ഇത്തരം പൊള്ളയായ ഭീഷണികൾ പാകിസ്ഥാനികൾക്കിടയിലെ ഭയം മാത്രമാണ് കാണിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ഖവാജ ആസിഫ് വ്യക്തമായും പരിഭ്രാന്തനാണ്. അദ്ദേഹം പാകിസ്ഥാന്‍റെ പ്രതിരോധ മന്ത്രിയാണെങ്കിലും, അദ്ദേഹത്തിന് കാര്യമായ നിയന്ത്രണമില്ല. അദ്ദേഹം നിരന്തരം പൊള്ളയായ ഭീഷണികൾ പുറപ്പെടുവിക്കുന്ന ഒരു ‘പ്രസ്താവന മന്ത്രി’ മാത്രമാണ്. പാകിസ്ഥാനികൾക്കിടയിലെ ഭയം വ്യക്തമാണ്. അവർക്ക് രാത്രി ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷാനവാസ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *