Your Image Description Your Image Description

മട്ടാഞ്ചേരി: സംസ്ഥാനത്ത് സർവകാല റെക്കോഡിലേക്ക് കുതിച്ച കുരുമുളക് വില വീണ്ടും താഴേക്ക്. രണ്ടാഴ്ചയ്ക്കിടയിൽ കിലോഗ്രാമിന് 21 രൂപയാണ് കുറഞ്ഞത്. അൺഗാർബിൾഡ് കുരുമുളകിന് കിലോയ്ക്ക് 698 രൂപയായിരുന്നു ഇന്നലെത്തെ വില. അതേസമയം ഗാർബിൾഡ് വില 718 രൂപയായി കുറഞ്ഞു. രണ്ടാഴ്ച മുൻപ്‌ അൺഗാർബിൾഡിന് കിലോയ്ക്ക് 721 രൂപ വരെ എത്തിയതാണ്. 2014- ന് ശേഷം 720-ന് മേൽ വില വരുന്നത് ഇതാദ്യമായിരുന്നു. വില ഇടിയുന്നതിനാൽ വാങ്ങലുകാർ മാറി നിൽക്കുകയാണെന്ന് കൊച്ചിയിലെ കച്ചവട സമൂഹം പറയുന്നു.

ഉത്തരേന്ത്യൻ വിപണിയിൽ വൻതോതിൽ ശ്രീലങ്കൻ മുളക് എത്തിയിട്ടുള്ളതായും കച്ചവടക്കാർ പറയുന്നു. കിലോയ്ക്ക് 690 രൂപയ്ക്ക് ശ്രീലങ്കൻ മുളക് ലഭിക്കുന്നുണ്ടെന്നാണ് വിവരം. മസാലക്കമ്പനികൾ ശ്രീലങ്കൻ കുരുമുളകിനോട് പ്രത്യേക താത്പര്യം കാട്ടുന്നതായും കച്ചവടക്കാർ പറയുന്നു. മസാല ഉത്പാദനത്തിന് കൂടുതൽ യോജിച്ചത് ശ്രീലങ്കൻ മുളകാണെന്ന വാദവും ഉന്നയിക്കപ്പെടുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞതിനാൽ, വർഷങ്ങൾക്കു മുൻപ്‌ എൻസിഡിഎക്സ് എക്സ്‌ചേഞ്ചിൽ പിടിച്ചുെവച്ച കുരുമുളക് ഇപ്പോൾ വിപണിയിലെത്തുന്നുണ്ടെന്നാണ് സംശയിക്കുന്നതെന്ന് ഇപ്‌സ്റ്റ മുൻ പ്രസിഡന്റും വ്യാപാരിയുമായ കിഷോർ ശ്യാംജി പറയുന്നു.

വില ഇടിയാൻ ഇതും കാരണമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ഉയർന്ന വില ഇന്ത്യൻ കുരുമുളകിന്റേതാണ്. ടണ്ണിന് 8700 ഡോളറാണ് വില. അതേസമയം ശ്രീലങ്കൻ മുളകിന് 7300 ഡോളറും വിയറ്റ്‌നാം മുളകിന് 7200 ഡോളറും ഇന്തോനേഷ്യൻ മുളകിന് 7800 ഡോളറുമാണ് വില. ശ്രീലങ്കയിൽ ജൂണിൽ കുരുമുളക് വിളവെടുപ്പ് തുടങ്ങും. അതേസമയം കുരുമുളകിന്റെ വില താഴുന്നത് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *