Your Image Description Your Image Description

നിയന്ത്രണരേഖയിലും ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലും പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘനങ്ങൾ നടത്തുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ചൊവ്വാഴ്ച ഹോട്ട്ലൈനിൽ സംസാരിച്ചു.പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം ദിവസങ്ങളോളം അകാരണമായി പ്രകോപനം സൃഷ്ടിക്കുകയാണ്. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പാകിസ്ഥാൻ വെടിയുതിർക്കുന്നുണ്ട്. ഇതിന് ശേഷമാണ് ചർച്ചകളും മുന്നറിയിപ്പും ഉണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 27 നും 28 നും രാത്രിയിൽ ജമ്മു കശ്മീരിലെ കുപ്വാര, പൂഞ്ച് ജില്ലകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ ഉണ്ടായ വെടിനിർത്തൽ ലംഘനത്തിന് സൈന്യം വേഗത്തിൽ മറുപടി നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 26-27 രാത്രിയിൽ ടുത്മാരി ഗാലി, റാംപൂർ സെക്ടറുകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിനും ഇന്ത്യൻ സൈന്യം മറുപടി നൽകിയിരുന്നു. 25 ഇന്ത്യക്കാർ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിനുശേഷം നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങൾ വർദ്ധിച്ചുവരികയാണ്. ഇപ്പോൾ അന്താരാഷ്ട്ര അതിർത്തിയിലേക്കും ലംഘനങ്ങൾ വ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച മുതൽ കശ്മീർ താഴ്വരയിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ പഹൽഗാം ആക്രമണത്തിൽ മറുപടി കൊടുക്കാൻ ഇന്ത്യ ഒരുങ്ങുകയാണ് എന്നാണ് വിവരം. ഇന്ന് രാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വിദേശകാര്യമന്ത്രിയും കരസേന മേധാവിയും എത്തി കൂടിക്കാഴ്ച നടത്തി. പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ സമ്മർദ്ദം ചെലുത്താൻ കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ കാര്യങ്ങളുടെ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ചേർന്ന് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് പാകിസ്ഥാൻ പിന്തുണ നൽകുന്നതായി വിലയിരുത്തി. പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചിരുന്നു. സിന്ധു നദീജല ഉടമ്പടി നിർത്തിവയ്ക്കുക, അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുക എന്നിവ ഉൾപ്പെടുന്നു. ഹൈക്കമ്മീഷനുകളുടെ എണ്ണം കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകുന്നതിന് സായുധ സേനയ്ക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടുണ്ട്. 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്ന് സൈനിക നടപടി ഉണ്ടാകുമെന്നാണ് ഒരു പാകിസ്ഥാൻ മന്ത്രിയും അഭിപ്രായപ്പെട്ടത്. അതേസമയം പാകിസ്ഥാൻ ഒരു സംഘർഷത്തിനും തുടക്കമിടില്ല എന്നും പക്ഷേ പ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിൻ മുന്നറിയിപ്പ് നൽകി. പഹൽഗാം ആക്രമണം മതപ്രേരിതമാണെന്ന ആരോപണങ്ങൾ തള്ളി പാക് സൈന്യവും രംഗത്തെത്തി. ഭീകരതയ്ക്ക് മതമില്ല എന്നായിരുന്നു ഒരു പാക് സൈനികന്റെ പ്രതികരണം. വ്യക്തമായ തെളിവുകളില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് എന്ന് പാകിസ്ഥാന്റെ വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാൻ പറഞ്ഞു. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ വിവിധ രാജ്യങ്ങൾ ശ്രമിക്കുമ്പോഴും ഇന്ത്യയുമായുള്ള സംഘർഷ സാധ്യത ക്രമാനുഗതമായി വർധിച്ചുവരികയാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഏതൊരു ആക്രമണത്തിനും പാകിസ്ഥാൻ ഉചിതമായി പ്രതികരിക്കുമെന്നും എന്നാൽ അത്തരമൊരു പ്രതികരണത്തിന്റെ സ്വഭാവം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ‘

Leave a Reply

Your email address will not be published. Required fields are marked *