Your Image Description Your Image Description

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിൽ എല്ലാവരെയും നൊമ്പരപ്പെടുത്തുന്ന ദൃശ്യമായിരുന്നു നാവികസേന ലെഫ്റ്റനന്റ് വിനയ് നര്‍വാളിൻ്റെ മൃതദേഹത്തിനൊപ്പം നിരാലംബയും നിസ്സഹായയുമായി ഇരിക്കുന്ന ഭാര്യ ഹിമാംശിയുടെ ചിത്രം. മധുവിധു ആഘോഷത്തിനിടെ കണ്മുന്നില്‍ ഭര്‍ത്താവ് വെടിയേറ്റ് മരിച്ചതിന്റെ ആഘാതത്തില്‍ സർവവും നഷ്ടപ്പെട്ട് ഇരിക്കുന്ന ഹിമാംശിയുടെ ദൃശ്യം ഓരോ മനുഷ്യരുടെയും കണ്ണുകളെ ഈറനണിയിച്ചു.

മെയ് ഒന്നാം തീയതി ലെഫ്. വിനയ് നര്‍വാളിന്റെ ജന്മദിനമായിരുന്നു. പഹല്‍ഗാമില്‍ ഭീകരര്‍ ചോരചിന്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ വിനയ് നര്‍വാളിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സ്വദേശമായ കര്‍ണാലില്‍ മനുഷ്യജീവന്‍ രക്ഷിക്കാനായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പം സമാധാനത്തിനും ഐക്യത്തിനും ആഹ്വാനംചെയ്തുള്ള ഹിമാംശിയുടെ വാക്കുകളും ശ്രദ്ധേയമായി.

പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ആരും മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഹിമാംശിയുടെ ആ വാക്കുകള്‍. ”രാജ്യം മുഴുവന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹം എവിടെയായിരുന്നാലും സന്തോഷവാനായും ആരോഗ്യവാനായും തുടരണം. ഇതിന്റെ പേരില്‍ ആളുകള്‍ മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരേ തിരിയുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സമാധാനം മതി. സമാധാനം മാത്രം. പക്ഷേ, തീര്‍ച്ചയായും ഞങ്ങള്‍ക്ക് നീതി ലഭിക്കണം”, ഗവേഷക വിദ്യാര്‍ഥിനിയും ഗുരുഗ്രാം സ്വദേശിയുമായ ഹിമാംശി മാധ്യമങ്ങളോട് പറഞ്ഞു.

ലെഫ്. വിനയ് നര്‍വാളിൻ്റെ 27-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സ്വദേശമായ ഹരിയാണയിലെ കര്‍ണാലിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കര്‍ണാലിലെ എന്‍ജിഒയായ നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ടിസ്റ്റ് ആന്‍ഡ് ആക്ടിവിസ്റ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാംശി നര്‍വാളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഏപ്രില്‍ 16-നായിരുന്നു കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്റെയും ഹിമാംശിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആറാംദിവസം ഹണിമൂണിനിടെയാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ വിനയ് നര്‍വാള്‍ ഭാര്യയുടെ കണ്മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. വിനയ് നര്‍വാള്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *