Your Image Description Your Image Description

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാസലഹരി എത്തിച്ചവകയിൽ കൈമാറപ്പെടുന്ന പണത്തിന്റെ വലിയൊരു ശതമാനം എത്തിച്ചേരുന്നത് ഡൽഹി നോയിഡ കേന്ദ്രീകരിച്ചുള്ള നൈജീരിയൻ സംഘത്തിന്റെ കൈകളിലാണെന്ന് പോലീസ്. മാസങ്ങളായി ഒരു കേസന്വേഷണത്തിന്റെ അടിവേരിലേക്കിറങ്ങിയ കുന്ദമംഗലം പോലീസാണ് വാടക അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ടുകൾ) വഴി രാസലഹരിയുടെ ലാഭം കൈമാറ്റപ്പെടുന്നത് കണ്ടെത്തിയത്. ഈയിനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നൂറുകോടിയിലേറെ രൂപ കൈമാറിയെന്നും ഇത് അവിടെ നൈജീരിയൻ സംഘം പിൻവലിച്ചെന്നും കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി നോയിഡയിൽ നിന്നും പിടിയിലായത്. നൈജീരിയൻ പൗരനായ ഫ്രാങ്ക് ചിക്സിയ ആണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് പ്രതിയെ കുന്ദമംഗലം പോലീസ് പിടികൂടിയത്. ജനുവരി 21നാണ് കുന്ദമം​ഗലത്തെ ലോഡ്ജിൽ വെച്ച് 227 ​ഗ്രാം എംഡിഎംഎയുമായി മുസമിൽ, അഭിനവ് എന്നിവരെ പോലീസ് പിടികൂടിയത്. മുഹമ്മദ് ഷമീൽ എന്നയാളാണ് ലഹരി എത്തിച്ച് നൽകിയതെന്നായിരുന്നു ഇവർ നൽകിയ വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരിൽ നിന്ന് മുഹമ്മദ് ഷമീലിനെ പോലീസ് പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടാൻസാനിയൻ പൗരൻമാരായ ഡേവിഡ് എൻഡമിയേയും ​ഹക്ക ഹറൂണയേയും പീന്നീട് പഞ്ചാബിൽ നിന്നാണ് പിടികൂടി.

ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നൈജീരിയൻ പൗരനും ഫാർമസിസ്റ്റുമായ ഫ്രാങ്ക് ചിക്സിയ പിടിയിലാകുന്നത്. ഇയാളിൽ നിന്ന് നാല് മൊബൈൽ ഫോണുകളും ഏഴ് സിം കാർഡുകളും മൂന്ന് എടിഎം കാർഡുകളും പിടിച്ചെടുത്തുവെന്നും സിമ്മുകൾ ഒന്നുപോലും സ്വന്തം പേരിൽ അല്ലെന്നും അന്വേഷണ സംഘം അറിയിച്ചു. പഠനാവശ്യാർത്ഥമാണ് ഇവർ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നത്. ലഹരി വിപണിയിലൂടെ വരുമാനമുണ്ടാക്കാറാണ് പതിവെന്നും പോലീസ് വ്യക്തമാക്കുന്നു. 32 മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് ഇവർ ഇടപാട് നടത്തിയത്. ഫണ്ട് ട്രാൻസ്ഫർ ചെയ്ത റൂട്ടുകൾ നോക്കിയാണ് പ്രതിയിലേക്ക് എത്തിയതെന്നും നോയിഡയിലെ ആഫ്രിക്കൻ മാർക്കറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും പോലീസ് അറിയിച്ചു.

ഡൽഹി, ഉത്തർപ്രദേശ് ഭാഗങ്ങളിലെ നിഷ്‌കളങ്കരായ കർഷകരുടെയും സ്ത്രീകളുടെയും രേഖകളുപയോഗിച്ച് നിർമിച്ച അക്കൗണ്ടുകൾ ഈ സംഘമാണ് ഉപയോഗിക്കുന്നത്. അതിലേക്ക് പണംവരുത്തി നോയിഡയിലെ വിവിധ എടിഎം കൗണ്ടറുകൾവഴി പിൻവലിക്കുകയാണ് ചെയ്യുന്നത്. ഈ എടിഎം കൗണ്ടറുകളിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളുടെ വ്യക്തമായചിത്രം പോലീസിനുലഭിച്ചത്. ബാങ്കിടപാടുകൾ നടത്തിയ മൊബൈലുകളുടെയും കംപ്യൂട്ടറുകളുടെയും ഐപി വിലാസവും തെളിവായി ലഭിച്ചിട്ടുണ്ട്. വിദ്യാർഥികൾചമഞ്ഞ് ഇന്ത്യയിലെത്തി രാസലഹരിവ്യാപാരം നടത്തുന്ന ഈ നൈജീരിയൻസംഘം താമസിക്കുന്നത് അത്യാഡംബര സൗകര്യങ്ങളോടെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *