Your Image Description Your Image Description

ന്യൂഡല്‍ഹി: ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതിക രംഗത്തെ സഹകരണത്തിനുളള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. മസ്‌കുമായുളള ഫോണ്‍ സംഭാഷണത്തെക്കുറിച്ച് നരേന്ദ്ര മോദി തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. നേരത്തെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മസ്‌കുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ആശയവിനിമയം എന്നാണ് സൂചന. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അടുത്ത ആഴ്ചയിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് മോദി മസ്‌കുമായി സംസാരിച്ചത്.

‘ഇലോണ്‍ മസ്‌കുമായി സംസാരിച്ചു. ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് ഉള്‍പ്പെടെ സംസാരിച്ചു. സാങ്കേതിക വിദ്യ, നവീകരണം തുടങ്ങിയ മേഖലകളിലുളള സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഈ മേഖലകളില്‍ യുഎസുമായുളള പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്’- നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 13നാണ് നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കും വാഷിങ്ടണ്‍ ഡിസിയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയത്. പങ്കാളിക്കും കുട്ടികള്‍ക്കുമൊപ്പമാണ് മസ്‌ക് മോദിയെ കണ്ടത്. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതിക വിദ്യ, നവീകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് മോദി അന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതും ട്രംപ് ഭരണകൂടം പരസ്പര താരിഫ് 90 ദിവസത്തേക്ക് മരവിപ്പിക്കുകയും ചെയ്തിട്ടുള്ള നിർണായകമായ സമയത്താണ് വീണ്ടും മസ്‌കുമായി ചർച്ച നടന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി മസ്‌കിന്റെ സ്‌പേസ് എക്‌സുമായി കരാർ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ചർച്ചയെന്നതും ശ്രദ്ധേയമാണ്

Leave a Reply

Your email address will not be published. Required fields are marked *