Your Image Description Your Image Description

തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം. പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. വിൻസിയുമായും വിൻസിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരുമെന്നും ഷൈനിൻ്റെ കുടുംബം പ്രതികരിച്ചു.

നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണെന്ന് തങ്ങൾക്ക് അറിയില്ലായെന്നും ഷൈനിൻ്റെ കുടുംബം പറയുന്നു. വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലായെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും കുടുംബം വെളിപ്പെടുത്തി. വിഷയത്തെ പറ്റി ക്യാമറയ്ക്ക് മുൻപിൽ സംസാരിക്കാൻ താത്പര്യമില്ലായെന്നും കുടുംബം അറിയിച്ചു.

അതെ സമയം, ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ഇതിന്റെ സിസിടിവി ദൃസ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *