Your Image Description Your Image Description

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇ ഡി വിലയിരുത്തല്‍. കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. ആരോപണ വിധേയരെ വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാല്‍ കേസിലെ ചോദ്യം ചെയ്യല്‍ വൈകും. കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച സ്റ്റേ ഇനിയും മാറ്റിയിട്ടില്ലാത്ത സാഹചര്യത്തിൽ സ്റ്റേ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതിനുശേഷം എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസമാണ് കുറ്റപത്രത്തിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സത്യവീര്‍ സിങ് ആണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതിയില്‍ നിന്ന് ഇ ഡി ആസ്ഥാനത്തേക്ക് എത്തിച്ചത്. അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന സിനി ഐആര്‍എസിന്റെ നേതൃത്വത്തില്‍ ഇത് പരിശോധിക്കുകയും ചെയ്തതിനെ തുടർന്ന് ഇതില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

അതേസമയം, സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ തൈക്കണ്ടിയിലിനും എതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്സാലോജിക് കമ്പനികളും ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെയുള്ള സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരാണ് മറ്റ് എതിര്‍കക്ഷികള്‍.

Leave a Reply

Your email address will not be published. Required fields are marked *