Your Image Description Your Image Description

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുവെന്ന് മനസിലാക്കിയവർക്കൊപ്പം താൻ ഇനി അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത്. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. തുടർന്ന് ഏത് സാഹചര്യത്തിലാണ് താനങ്ങനെ പറഞ്ഞതെന്നും വിൻസി വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിൻസിയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി ശ്രുതി രജനികാന്ത്. വിൻസിയെപ്പോലെ കഴിവുള്ള ഒരാൾക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അതിൽ എന്തോ കുഴപ്പമുണ്ടെന്ന് സ്വന്തം യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്ത വീഡിയോയിൽ ശ്രുതി പറഞ്ഞു. വിന്‍സി നേരിട്ടത് പോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു.

ശ്രുതി യൂട്യൂബിലൂടെ പങ്കുവെച്ചത്

“പറയണോ എന്ന് പലതവണ ആലോചിച്ചതാണ്. എന്റെ ഒരു കാഴ്ചപ്പാട് പറയാൻ പറ്റുന്ന ഒരു വിഷയവും മേഖലയുമാണ് ഇത്. വിൻസി അലോഷ്യസ് പറഞ്ഞ കാര്യമാണ് പറയാൻ പോകുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ്. വിൻസി ഒരു നടി ആകുന്നതിനു മുന്നേ തന്നെ എനിക്ക് ഇഷ്ടമാണ്. വിൻസി ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടിവന്നു എന്ന് പറയുന്നത് തന്നെ ഷോക്കിങ് ആയി തോന്നി. അവർ പറഞ്ഞ കാര്യത്തിന് ആളുകളിൽ നിന്നും വന്ന കമന്റുകൾ കണ്ടാണ് ഞാൻ ഞെട്ടിയത്. സിനിമയോ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയോ ആകട്ടെ നമ്മൾ കാണുന്ന ആളുകളല്ല ജീവിതത്തിലേക്ക് വരുമ്പോൾ. ഞാൻ എല്ലാ സിനിമയും മുടങ്ങാതെ പോയി തിയറ്ററിൽ കാണുന്ന ഒരാളായിരുന്നു. പക്ഷെ ഇപ്പോ ഞാൻ സിനിമ കാണുന്നത് ചുരുങ്ങി. ചിലരുടെ പടം വന്നാൽ ഞാൻ കാണാതായി. അതിനൊക്കെ ഓരോ കാരണങ്ങൾ ഉണ്ട്.

ചിലത് ദൂരെനിന്ന് കാണുമ്പോൾ ഭയങ്കര ഭംഗിയായിരിക്കും. അടുത്തു വരുമ്പോഴേ അതിന്റെ കുറ്റങ്ങൾ മനസ്സിലാകൂ. വിൻസിയോട് നീ വല്യ സൂപ്പർ സ്റ്റാറോ, നിനക്കിപ്പോ സിനിമ വല്ലതും ഉണ്ടോ, എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്. സത്യം പറഞ്ഞാൽ അവരോടൊന്നും എനിക്ക് ഒരു ബഹുമാനവും ഇല്ല . അവരെയൊന്നും ഞാൻ ഒരു വ്യക്തിയായി കണക്കാക്കുന്നതുമില്ല. ഇവർക്കൊക്കെ വിദ്യാഭ്യാസം ഇല്ലെന്നു പറയണോ അതോ വിദ്യാഭ്യാസം കൂടിപോയതുകൊണ്ടാണ് എന്ന് പറയണോ എന്ന് അറിയില്ല. വിൻസി പറഞ്ഞ ഒരു കാര്യം സത്യമാണ്, ഒരുപക്ഷേ പടം ഇല്ലായിരിക്കാം. എന്നോട് കുറേ പേര് അടുത്ത പ്രോജക്റ്റ് ഏതാ എന്ന് ചോദിച്ചാൽ പറയാൻ എനിക്ക് പ്രോജക്റ്റ് ഇല്ല.

പ്രോജക്റ്റ് എന്നത് തുരുതുരാ വന്നുകൊണ്ടിരിക്കുന്ന സാധനം അല്ല. ഭയങ്കര മത്സരമുള്ള ഫീൽഡ് ആണ്. പ്രോജക്റ്റ് ഇല്ലാത്തത് കഴിവ് ഇല്ലാത്തതുകൊണ്ടാണ് എന്ന് വിൻസിയെപോലെ ഒരു ആർട്ടിസ്റ്റിന്റെ മുഖത്ത് നോക്കി എങ്ങനെ പറയാൻ പറ്റും? ഒരിക്കലും പറയാൻ പറ്റില്ല. അഭിനയം ഒരു പാഷൻ ആയി നോക്കിക്കൊള്ളൂ. പക്ഷേ പ്രഫഷനൽ ആയി എന്തെങ്കിലും ഒരു സ്ഥിരവരുമാനം കണ്ടെത്തണം. സിനിമയുടെ അകത്തുനിന്ന് കണ്ടു മനസിലാക്കിയതുകൊണ്ടു പറയുകയാണ് ഇതൊരു പാസിങ് ക്ലൗഡ് മാത്രമാണ്. ഇന്ന് വർക്ക് ഉണ്ടാകും ഇന്ന് വാനോളം പുകഴ്ത്തും എന്ന് കരുതി നാളെ അത് ഉണ്ടാകണം എന്നില്ല. നാളെ പണവും പ്രശസ്തിയും ഇല്ലാതാകുമ്പോൾ നമുക്ക് ജീവിക്കാനുള്ളത് നമ്മൾ കണ്ടെത്തിയേ മതിയാകൂ. നമ്മൾ പഠിച്ച എന്തെങ്കിലും പ്രാവർത്തികമാക്കി ഒരു സ്ഥിരവരുമാനം കണ്ടെത്തണം. അല്ലെങ്കിൽ ജീവിതം മുഴുവൻ ഒരു പ്രഷർ കുക്കറിൽ ആയിരിക്കും.

ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്, ഞാൻ ദുബായിലേക്ക് ജോലിക്ക് വന്നപ്പോൾ എല്ലാവരും ചോദിക്കുന്നുണ്ട് ആക്ടിങ് നിർത്തിയോ എന്ന്. ഒരിക്കലുമില്ല അഭിനയം എന്നും എന്റെ പാഷൻ ആയിരിക്കും. നല്ല ആളുകൾ എല്ലായിടത്തും ഉണ്ട്. ഞാൻ അനൂപ് മേനോന്റെ ഒക്കെ സെറ്റിൽ വർക്ക് ചെയ്തപ്പോൾ ആ സെറ്റ് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. നമുക്ക് കൂടുതൽ മനസിലാക്കാനും പഠിക്കാനും പറ്റുന്ന ഒരു സെറ്റ് ആയിരുന്നു. അങ്ങനെ നല്ല ആളുകളും എല്ലായിടത്തും ഉണ്ട്. ഞാൻ ഇവിടെ വന്നത് എനിക്ക് ആർജെ ആയി നല്ല ഒരു സാലറി പാക്കേജ് ആയി നല്ല ഒരു അവസരം കിട്ടിയതുകൊണ്ടാണ്. ഒരു സ്ഥിരവരുമാനം ഉണ്ടാകുമല്ലോ. ഇതിനിടയിൽ എനിക്ക് നല്ല സിനിമകളും ഷോയും ഒക്കെ വരുകയാണെങ്കിൽ ഞാൻ നാട്ടിലേക്ക് വന്ന് അത് ചെയ്തിട്ട് തിരിച്ചുവരും. ഞാൻ ഇപ്പോഴും ഓഡിഷന് വേണ്ടി അപേക്ഷ അയക്കാറുമുണ്ട്.’’–ശ്രുതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *