ജയ്പൂർ: ജയ്പൂരിൽ അഞ്ച് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ അറസ്റ്റിൽ. ആൺകുട്ടി വേണമെന്ന ആഗ്രഹം നടക്കാത്തതിനാലാണ് പ്രതി ക്രൂര കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇരട്ട പെൺകുട്ടികളുണ്ടായതിന്റെ പേരിൽ പ്രതി അശോക് യാദവും കുടുംബവും ഭാര്യ അനിതയെ സ്ഥിരമായി കുറ്റപ്പെടുത്തിയിരുന്നു. സംഭവം നടന്ന മാർച്ച് 27നും ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായതായി ഭാര്യ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം നൽകുന്നതിനിടെയാണ് ഭർത്താവ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഭാര്യ പറഞ്ഞു.
‘മക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഭർതൃമാതാവ് തന്നെ വീണ്ടും കുറ്റപ്പെടുത്താൻ തുടങ്ങി. ഇതുകേട്ട് ഭർത്താവ് മുറിയിലെത്തി തന്നോട് കയർക്കാൻ തുടങ്ങി. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ, പ്രശ്നം ഇപ്പോൾ അവസാനിപ്പിക്കുമെന്ന് പറഞ്ഞു. പിന്നീട് ഒരു മകളെ എടുത്ത് അവളുടെ തല തറയിൽ അടിച്ചു. താൻ നിലവിളിക്കാൻ തുടങ്ങിയപ്പോൾ, രണ്ടാമത്തെ കുട്ടിയേയും തറയിലടിച്ചു. തുടർന്ന് താൻ സഹായത്തിനായി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി,’ അനിത പറഞ്ഞു.
കുഞ്ഞുങ്ങൾ കൈയ്യിൽ നിന്നു താഴെ വീണെന്നായിരുന്നു ഭർത്താവും വീട്ടുകാരും എല്ലാവരോടും പറഞ്ഞിരുന്നത്. സംഭവത്തിൽ ബോധം പോയ അനിതയ്ക്ക് വൈകുന്നേരം ബോധം വന്നപ്പോഴാണ്, കുട്ടികൾ മരണപ്പെട്ടതായും സമീപത്തെ ശ്മശാനത്തിൽ അടക്കം ചെയ്തതായും അറിയിക്കുന്നത്.
പ്രതിയെ അനിതയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങളുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ശ്മശാനത്തിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. പിതാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു.