Your Image Description Your Image Description

വൈക്കത്തിന്റെ  വെള്ളിത്തിരയിൽ ‘ആളനക്ക’മുണ്ടാകാൻ അധികം കാത്തിരിക്കേണ്ട. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ആധുനിക സംവിധാനങ്ങളോടെ വൈക്കം ആറാട്ടുകുളങ്ങര കിളിയാട്ടുനടയിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് നിർമാണം അവസാനഘട്ടത്തിൽ.

നിലവിൽ തിയറ്റർ സമുച്ചയത്തിന്റെ കെട്ടിടത്തിന്റെ ജോലികൾ പൂർത്തീകരിച്ചു കഴിഞ്ഞു. തിയറ്റർ എൻജിനീയറിംഗുമായി ബന്ധപ്പെട്ട ജോലികളാണ് ഇനി ബാക്കിയുള്ളത്. അതിന്റെ ആദ്യഘട്ടമായ സ്പീക്കർ വയറിംഗ് ജോലികൾ ടെൻഡർ ചെയ്തു കഴിഞ്ഞു. ബാക്കി വരുന്ന എൻജിനീയറിംഗ് ജോലികളുടെ ടെൻഡർ നടപടികളും  ഈ മാസത്തിൽ പൂർത്തീകരിക്കും.
സീറ്റുകളും സ്‌ക്രീനും ഒരുക്കുന്നതടക്കമുള്ള ജോലികൾ  ഉടൻ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സി.കെ. ആശ എം.എൽ.എ. പറഞ്ഞു.
കിഫ്ബിയിൽനിന്ന് അനുവദിച്ച 22.06 കോടി രൂപ വിനിയോഗിച്ച് വൈക്കം  അഗ്‌നിരക്ഷാസേന ഓഫീസിനു സമീപം നഗരസഭ വിട്ടുനൽകിയ 90 സെന്റ് സ്ഥലത്താണു തിയറ്റർ നിർമിക്കുന്നത്. 80 സെന്റ് തിയറ്റർ സമുച്ചയത്തിനും 10 സെന്റ് റോഡിനുമാണു സ്ഥലം നൽകിയിരിക്കുന്നത്. 30 വർഷത്തേക്കാണു സ്ഥലം കൈമാറിയിരിക്കുന്നത്.
പുതിയ തിയറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 222 സീറ്റുകൾ വീതമുള്ള രണ്ടുസ്‌ക്രീനുകളാണ്  ക്രമീകരിക്കുന്നത്. തിയറ്ററിലെ വിവിധ ആവശ്യങ്ങൾക്കായി ജലം സംഭരിക്കാനായി മുൻവശത്ത് ആഴത്തിൽ കുഴിയെടുത്ത് കൂറ്റൻ ജലസംഭരണിയും നിർമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *