Your Image Description Your Image Description

റിയാദ്: ഗുണഭോക്താക്കൾക്ക് കൃത്യമായ വിലാസത്തിൽ പാഴ്‌സൽ എത്തിക്കാത്ത കമ്പനികൾക്കെതിരെ നടപടിയുമായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. ഇത്തരത്തിൽ കൊറിയർ പാഴ്‌സലുകൾ മുൻകൂട്ടി സമ്മതിച്ച സ്ഥലങ്ങളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കമ്പനികൾക്ക് 5,000 റിയാലിൽ കുറയാത്ത പിഴ ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു. പാഴ്‌സലുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടായെങ്കിലും, ലഭ്യമാകാത്ത സാഹചര്യമുണ്ടായാലും ഡെലിവറി കമ്പനികൾക്കെതിരെ പരാതി നൽകാവുന്നതാണ്. ഇതിനുള്ള സംവിധാനത്തെക്കുറിച്ച് അതോറിറ്റി വിശദീകരിച്ചു. ഓൺലൈൻ സ്റ്റോറുകളിൽ നിന്നുള്ള പർച്ചേസ് ഓർഡറുകൾ നടപ്പാക്കുമ്പോൾ, വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് പാഴ്‌സലുകൾ ശേഖരിക്കാൻ ഗുണഭോക്താക്കളെ നിർബന്ധിക്കാതെ, നിർദ്ദിഷ്ടവും സമ്മതിച്ചതുമായ സ്ഥലങ്ങളിലേക്ക് അവ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം കമ്പനികൾക്കുണ്ട്. ഇത്തരം നടപടിക്രമങ്ങളിൽ കമ്പനിക്ക് പരാജയം സംഭവിച്ചത്‌ 5,000 റിയാലിൽ കുറയാത്ത പിഴ ചുമത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി.

പാഴ്‌സലുകൾ വൈകിയെത്തിയതോ വിതരണം ചെയ്യാത്തതോ ആയി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഗുണഭോക്താകൾക്ക് നേരിട്ടാൽ, അവർക്ക് നേരിട്ട് പാഴ്സൽ ഡെലിവറി കമ്പനിയോട് അക്കാര്യം പരാതിപ്പെടാമെന്ന് അതോറിറ്റി അറിയിച്ചു. ശേഷം കമ്പനി മറുപടി നൽകുന്നില്ലെങ്കിലോ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരാതി തൃപ്തികരമായി പരിഹരിക്കപ്പെടുന്നില്ലെങ്കിലോ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് പരാതി സമർപ്പിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതിയിൽ ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ അതോറിറ്റി കൈക്കൊള്ളും.

അടിയന്തരമായി പരാതികൾ പരിഹരിക്കാനും, പ്രതികരണം വേഗത്തിലാക്കാനും ഗുണഭോക്തൃ സേവന പ്ലാറ്റ്‌ഫോം, ഗുണഭോക്തൃ പരിചരണ അക്കൗണ്ട്, അംഗീകൃത ഔദ്യോഗിക ചാനലുകൾ, 19929 എന്ന ഏകീകൃത നമ്പർ എന്നിവ വഴി അതോറിറ്റിയെ ബന്ധപ്പെടാം. ഫലപ്രദമായ മേൽനോട്ട സംവിധാനങ്ങളിലൂടെ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *