Your Image Description Your Image Description

അശ്വതി: അശ്വതി നക്ഷത്ര ജാതർ സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത പുലർത്തേണ്ട മാസമാണ് പിറന്നിരിക്കുന്നത്. പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിക്കേണ്ടി വരും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചില തിരിച്ചടികളെ നേരിടേണ്ടി വരാം. നിർണായക തീരുമാനങ്ങൾ കുടുംബത്തിലെ മറ്റ് അം​ഗങ്ങളുമായി കൂടിയാലോചിച്ച് മാത്രം കൈക്കൊള്ളുക. വിദ്യാർത്ഥികൾ അലസത വെടിയണം. നിസ്സാര കാര്യങ്ങൾക്കു പോലും കഠിന പ്രയത്നം വേണ്ടി വരും.

ഭരണി: മീന മാസത്തിൽ ഭരണി നക്ഷത്രക്കാർ ജാ​ഗ്രത പാലിക്കണം. കുടുംബ ജീവിതത്തിൽ ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും സ്വീകരിക്കണം. ഗൃഹത്തിന്റെ അറ്റകുറ്റ പണികൾക്ക് അധികച്ചെലവ് വരും. ഭൂമിവിൽപനയ്ക്ക് തടസ്സമുണ്ടാകും. സാമ്പത്തിക – ആരോ​ഗ്യ കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തുക.

കാർത്തിക: കാർത്തിക നക്ഷത്രജാതരെ സംബന്ധിച്ച് ​ഗുണദോഷ സമ്മിശ്രമായ മാസമാണിത്. ആലോചനയില്ലാത്ത സംസാരം അബദ്ധത്തിൽ ചാടിക്കും. പരീക്ഷകളിൽ വിജയം കൈവരിക്കാം. സാമ്പത്തിക സ്ഥിതി ഭ​ദ്രമായിരിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാനാകും. പുണ്യ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ അവസരമുണ്ടാകും.

രോഹിണി: മീന മാസത്തിൽ രോഹിണി നക്ഷത്രജാതർക്ക് ആഗ്രഹസാഫല്യമുണ്ടാകും. ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം എന്നിവ അനുഭവപ്പെടാം. പുതിയ സ്ഥാനമാനങ്ങൾ കൈവരിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകാം. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടും. മറ്റുള്ളവരുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരം നിർദേശിക്കാൻ സാധിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും.

മകയിരം: മകയിരം നക്ഷത്രജാതർക്കും ​ഗുണകരമായ മാസമാണ് മീനം. കർമ്മ മേഖലയിൽ പുരോ​ഗതിയുണ്ടാകും. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണ്. പുതിയ താമസ സ്ഥലം തെരഞ്ഞെടുക്കാനാകും. അനുഭവ സമ്പത്തുള്ളവരുടെ വാക്കുകളെ അവ​ഗണിക്കരുത്. സാമ്പത്തിക നേട്ടമുണ്ടാകാം.

തിരുവാതിര: പുതിയ മാസത്തിൽ തിരുവാതിര നക്ഷത്രജാതർക്ക് സാമ്പത്തികാഭിവൃദ്ധിക്ക് യോ​ഗം കാണുന്നു. പ്രതിസന്ധികളെ തരണം ചെയ്യാനാകും. കുടുംബ ജീവിതം സന്തോഷകരമാകും. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. ആരോ​ഗ്യ കാര്യങ്ങളിൽ കൂടുതൽ ജാ​ഗ്രത പുലർത്തണം.

പുണർതം: പുണർതം നക്ഷത്ര‍ാതർക്ക് കാലം അത്ര അനുകൂലമല്ല. ജീവിതത്തിലെ പ്രതികൂല അവസ്ഥകൾ തുടരും. അതേസമയം, ചില അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത കാണുന്നു. നിയമവിരുദ്ധമായ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം. മേലധികാരികളുടെ ദുഃസ്സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതായി വരും. വാക് ദോഷം വരാതെ നോക്കണം. ജാ​ഗ്രതയോടെയുള്ള ഇടപെടൽ സമൂഹത്തിൽ ബഹുമാനം വർധിപ്പിക്കും.

പൂയം: സാമ്പത്തിക സ്ഥിതി മെച്ചമാകില്ല. പണം കടംവാങ്ങേണ്ട സാ​ഹചര്യം സംജാതമാകും. അനാവശ്യ ചിന്തകളെ അകറ്റി നിർത്താൻ ശ്രദ്ധിക്കണം. കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തണം. പകർച്ചവ്യാധി പിടിപെടാതെ ശ്രദ്ധിക്കണം.

ആയില്യം: മീനമാസത്തിൽ ആയില്യം നക്ഷത്രജാർക്ക് ബന്ധു​ഗുണം കാണുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കും. വിഷ ഭീതി ഉണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ദിനചര്യകളിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.

മകം: മീനമാസം മകം നക്ഷത്രജാതരെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. എല്ലാ കാര്യങ്ങളിലും കൂടുതൽ അധ്വാനവും പ്രയത്നവും പരസഹായവും വേണ്ടി വരും. യാത്രാ ക്ലേശവും നേരിട്ടേക്കാം. പല കാര്യത്തിലും സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. അഹംഭാവം ഉപേക്ഷിക്കണം. വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവവും ഉപേക്ഷാ മനഃസ്ഥിതിയും ഉണ്ടാകും. ആരോ​ഗ്യകാര്യങ്ങളിൽ വലിയ ജാ​ഗ്രത പുലർത്തണം.

പൂരം: പൂരം നക്ഷത്രജാതർക്കും അനുകൂല സമയമാണ്. എന്നാൽ, പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും. സുപരിചിതമായ കാര്യങ്ങൾ ചെയ്യുമ്പോഴും ജാ​ഗ്രത പുലർത്തുന്നത് നല്ലതാണ്. വിദ്യാർത്ഥികൾ ആത്മാർഥമായി പഠനകാര്യങ്ങളിൽ മുഴുകണം. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം.

ഉത്രം: മീനമാസത്തിൽ ഉത്രം നക്ഷത്രജാതരും വലിയ ജാ​ഗ്രത പുലർത്തണം. കുടുംബ ജീവിതത്തിലും പ്രശ്നങ്ങളെ നേരിടേണ്ടി വരാം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ദുർവ്യയം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. ഗുരുജനാഭിപ്രായങ്ങളെ വക വെയ്ക്കാതെ സ്വയം ചെന്നിറങ്ങുന്ന കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം. കർമ്മ മേഖലയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ നന്നായി ആലോചിക്കണം.

അത്തം: അത്തം നക്ഷത്രജാതർ കർമ്മ മേഖലയിൽ ജാ​ഗ്രത പുലർത്തണം. അലസത ഒഴിവാക്കണം. ദമ്പതികൾ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കണം. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. നിസ്സാര കാര്യങ്ങൾക്കുപോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കും. മേലധികാരികളോട് വാക്ക് തർക്കത്തിന് പോവരുത്. മനസ്സിൽ അശുഭ ചിന്തകൾ നിറയും.

ചിത്തിര: മീനമാസത്തിൽ ചിത്തിര നക്ഷത്രജാതർക്ക് സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ഗൃഹത്തിൽ ബന്ധു ജനങ്ങളുടെ സമാഗമം ഉണ്ടാകും. പൊതുജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. ധാർമിക ചിന്തകൾക്ക് പ്രാധാന്യം നൽകി ചെയ്യുന്ന കർമങ്ങൾ എല്ലാം ശുഭസമാപ്തി കൈവരും. ആരോ​ഗ്യ കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തുക.

ചോതി: ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് അനുകൂല മാസമാണ് പിറന്നിരിക്കുന്നത്. കുടുംബാം​ഗങ്ങളുമായി ഒത്തുചേരാൻ അവസരമുണ്ടാകും. ഗൃഹത്തിലെ സുഖസൗകര്യങ്ങൾ കൂടും. തൊഴിൽ അന്വേഷിക്കുന്നവർക്കും മാസം അനുകൂലമാണ്. ശരിയാംവണ്ണം ആലോചിച്ചതിനു ശേഷമേ ഏതൊരു കാര്യത്തിനും ഇറങ്ങിത്തിരിക്കാവൂ. വിവാഹകാര്യങ്ങളിൽ അനുകൂലമായ വാർത്തകൾ ശ്രവിക്കാനിടവരും.

വിശാഖം: മീനമാസത്തിൽ വിശാഖം നക്ഷത്രജാതർ ജാ​ഗ്രതയോടെ പ്രവർത്തിക്കണം. കർമ്മ മേഖലയിൽ മനസിനെ വിഷമിപ്പിക്കുന്ന സംഭവങ്ങളുണ്ടാകാം. തീരുമാനമെടുക്കുന്നതിൽ മനക്കരുത്ത് കാട്ടും. മാതാപിതാക്കളിൽ നിന്ന് നിർലോഭമായ സഹായവും സഹകരണവും ലഭിക്കും. ധനം കടം കൊടുത്താൽ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

അനിഴം: അനിഴം നക്ഷത്രജാതർ ജാ​ഗ്രത പുലർത്തേണ്ട മാസാണിത്. പ്രത്യേക കാരണങ്ങൾ ഇല്ലാതെ മാനസിക പിരിമുറുക്കം വർധിക്കും. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും കർമരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിർമാണത്തിൽ തടസ്സങ്ങൾ നേരിടും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം.

തൃക്കേട്ട: പുതിയ മാസത്തിൽ തൃക്കേട്ട നക്ഷത്രക്കാർ സംസാരത്തിൽ ജാ​ഗ്രത പാലിക്കണം. അടുത്ത ചില സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാനും അത് വിരോധത്തിന് ഇടയാക്കും. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. യാത്രകൾ കഴിവതും കുറയ്ക്കണം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ആരോ​ഗ്യകാര്യങ്ങളിൽ ജാ​ഗ്രത പുലർത്തണം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക.

മൂലം: മൂലം നക്ഷത്രത്തിൽ ജനിച്ചവരും ജാ​ഗ്രത പുലർത്തേണ്ട മാസമാണിത്. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവശ്രദ്ധ പുലർത്തണം. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. പൊതു പ്രവർത്തകർ അനാവശ്യ ആരോപണങ്ങൾ മൂലം വിഷമിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ചകൾ ചെയ്യുക. ആഡംബരം കുറയ്ക്കണം.

പൂരാടം: പൂരാടം നക്ഷത്രജാതരെ സംബന്ധിച്ച് മീനമാസം അത്ര നന്നല്ല, ഏറ്റവുമടുത്ത സു​ഹൃത്തുക്കൾ പോലും ശത്രുക്കളാകാം. ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറണം. അകാരണമായ തടസ്സങ്ങൾ, തെറ്റിദ്ധാരണകൾ, നേത്രരോഗം മുതലായവയ്ക്ക് സാധ്യത.

ഉത്രാടം: മീന മാസത്തിൽ ഉത്രാടം നക്ഷത്രജാതർ കോപം നിയന്ത്രിക്കണം. ക്ഷിപ്രകോപം പല അനിഷ്ടങ്ങൾക്കും ഇടവരുത്തും. ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം ആരോഗ്യ ശ്രദ്ധ വേണം. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും.

തിരുവോണം: തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്ക് വളരെ അനുകൂലമായ സമയമാണ്. സാമ്പത്തിക ഭദ്രതയും കുടുംബാഭിവൃദ്ധിയും കാണുന്നു. ഗൃഹനിർമാണം നടക്കും. പൈതൃക സ്വത്തുക്കൾ കൈവരിക്കാൻ ഇടവരും. ചിട്ടിയിൽ നിന്നും ധനം ലാഭിക്കാം. സർക്കാർ സഹായങ്ങളുടെ ലഭ്യതയും കാണുന്നു. പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും.

അവിട്ടം: അവിട്ടം നക്ഷത്രജാതർക്ക് പുതിയ മാസം ​ഗുണദോഷ സമ്മിശ്രമായിരിക്കും. വിദ്യാർത്ഥികൾ ഉപരിപഠനം പൂർത്തിയാക്കും. സങ്കീർണമായ പ്രശ്നങ്ങളെ ലളിതമായി പരിഹരിക്കും. വിമർശനങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കും. വ്യക്തിത്ത്വവികസനത്തിന് തയാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും.

ചതയം: ചതയം നക്ഷത്രജാതർ വളരെ ജാ​ഗ്രത പുലർത്തണം. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ്പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യണം. പൊതു പ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും.

പൂരൂരുട്ടാതി: മീനമാസത്തിൽ പുരൂരുട്ടാതി നക്ഷത്രജാതർ ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം. വാഹനം, അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. അനുഭവജ്ഞാനമുള്ളവരുടെ നിർദേശം സ്വീകരിക്കാതെ ബൃഹത് പദ്ധതിയിൽ പണം മുടക്കരുത്. വാഗ്വാദങ്ങളിൽ നിന്നും പിൻമാറുകയാണ് നല്ലത്. അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.

ഉത്തൃട്ടാതി: ഉത്തൃട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ​ഗുണദോഷ സമ്മിശ്രമായ മാസമാണിത്. ദുഷ്ടജനസംസർഗത്തിൽ നിന്നും അകലം പാലിക്കണം. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും. പഠിച്ച വിഷയങ്ങളാണെങ്കിലും പ്രകടിപ്പിക്കുവാൻ സാധിക്കുകയില്ല. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടുപോകും.

രേവതി: രേവതി നക്ഷത്രത്തിൽ ജനിച്ചവർ സാമ്പത്തിക കാര്യങ്ങളിൽ വലിയ ജാ​ഗ്രത പാലിക്കേണ്ട മാസമാണ് പിറന്നിരിക്കുന്നത്. രേവതി നക്ഷത്രത്തിൽ ജനിച്ചവർക്ക് സന്താനങ്ങളുടെ കാര്യത്തിലും ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. ആരേയും അമിതമായി വിശ്വസിക്കരുത്. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കണം. ആരോ​ഗ്യസ്ഥിതി തൃപ്തികരമാകും.

Leave a Reply

Your email address will not be published. Required fields are marked *