Your Image Description Your Image Description

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഗവ. എൽപി.സ്കൂളിന് സമീപം ഇറങ്ങിയ കടുവയ്ക്ക് പരുക്ക് സംഭവിച്ചത് കുരുക്കിൽ വീണത് മൂലമാണെന്ന് എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാൽ. പിൻകാലിന് പരുക്കേറ്റ കടുവയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും നടക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്നും ഹരിലാൽ പറഞ്ഞു. വെറ്റിനറി ഡോക്ടർ നേരിട്ട് എത്തി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിടത്ത് നിന്ന് 300 മീറ്റർ അകലെയാണ് കടുവയെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൂടിന് അടുത്തായതിനാൽ ഇര എടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. ഇനി രണ്ടു ദിവസത്തിനുള്ളിൽ കൂട്ടിൽ കയറി ഇല്ലെങ്കിൽ മയക്കു വെടി വെക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാർ വനംവകുപ്പിൽ അറിയിച്ചിരുന്നു, എന്നാൽ വനംവകുപ്പ് എത്തുന്നതിന് മുൻപ് കടുവ കാടുകയറി. ഒരു വർഷത്തോളമായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. പിന്നാലെ കൂട് സ്ഥാപിച്ചു കടുവയെ പിടികൂടണം എന്ന ആവശ്യം ഉയർന്നു. പരുന്തുംപാറ, വെടികുഴി തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഒരാഴ്ച മുൻപ് വള്ളക്കടവിലും നാട്ടുകാർ കടുവയെ കണ്ടിരുന്നു.

ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഭീതി വിതച്ച കടുവയെ കണ്ടെത്താൻ ഇന്നലെ വൈകിട്ട് വരെ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജനവാസമേഖലയ്ക്ക് സമീപം പൊന്തക്കാട്ടിൽ കടുവയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കടുവ ഇവിടെ നിന്ന് മാറിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കടുവ അധിക ദൂരം സഞ്ചരിക്കാൻ സാധ്യതയില്ല. കടുവയുടെ കാൽപ്പാടുകൾ കേന്ദ്രീകരിച്ചാവും തിരച്ചിൽ നടത്തുക. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കടുവയെ കണ്ടെത്തുന്നതുവരെ മേഖലയിൽ പെട്രോളിങ് നടത്തുമെന്നും വനം വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *