Your Image Description Your Image Description

വഡോദര: ​ഗുജറാത്തിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് ഒരു യുവതി മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം. പോലീസിനു മുന്നിൽ എയർബാഗിനെ പഴിചാരി അറസ്റ്റിലായ പ്രതി. ഇരുപതുവയസ്സുകാരനായ നിയമ വിദ്യാർത്ഥി രക്ഷിത് ചൗരസ്യയാണ് അറസ്റ്റിലായത്. അപകടത്തിനു കാരണം എയർബാഗാണെന്നാണ് പ്രതിയുടെ വാദം.

അപകട സമയത്ത് തങ്ങൾ 50-60 കിലോമീറ്റർ വേഗത്തിലായിരുന്നു. ഒരു സ്കൂട്ടറിനു മുന്നിൽ സഞ്ചരിക്കുകയായിരുന്നു തങ്ങളെന്നും,കാർ വലത്തേക്ക് തിരിയുന്നതിനിടയിൽ റോഡിൽ ഒരു കുഴിയുണ്ടായിരുന്നു. ഇതിനിടയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലും സ്കൂട്ടിയിലുമായി തങ്ങളുടെ വാഹനം ഇടിക്കുകയും എയർ ബാഗ് തുറന്നു വരികയും ചെയ്തു. എയർ ബാഗു തുറന്നതോടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പട്ടതെന്നാണ് യുവാവിന്റെ വിശദീകരണം.

ലഹരി ഉപയോഗിച്ചുവെന്ന ആരോപണം ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് താൻ ബാങ്(കഞ്ചാവിന്റെ ഇല കൊണ്ട് തയാറാക്കുന്ന ലഹരി പാനീയം) ഉപയോഗിച്ചിരുന്നതായി യുവാവ് സമ്മതിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെയും അപകടത്തിൽപ്പെട്ടവരെയും നേരിട്ട് കാണാൻ യുവാവ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹോളി ആഘോഷം കഴിഞ്ഞ് സൂഹൃത്തിനെ ഡെറാസർക്കിളിൽ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ആ സമയത്ത് ഡ്രൈവിങ് സീറ്റിൽ ചൗരസ്യയും സമീപത്തെ സീറ്റില് സുഹൃത്ത് മിത് ചൗഹാമുമാണ് ഉണ്ടായിരുന്നത്.

അപകടത്തിൽ ഹേമാലിബെൻ പട്ടേൽ എന്ന വനിത കൊല്ലപ്പെടുകയും ജൈനി(12), നിഷാബെൻ(35), പേരുവിവരങ്ങൾ ലഭ്യമല്ലാത്ത പത്തു വയസ്സുകാരി, ഒരു നാൽപ്പതു വയസ്സുകാരൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റിലായ യുവാവിന് മാധ്യമങ്ങളോട് സംസാരിക്കാൻ അവസരം നൽകിയതിനെതിരെ പോലീസിനെതിരെ വിവിധയിടങ്ങളിൽ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *