Your Image Description Your Image Description

മധുര പാനീയങ്ങൾ ഒഴിവാക്കാൻ കഴിയാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. ഇത് അറിയാമെങ്കിലും ഒന്നോ അതിലധികമോ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് പലരും പതിവാക്കാറുണ്ട്. ഇത്തരം പാനീയങ്ങൾ ഓറൽ ക്യാവിറ്റി കാൻസർ സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യത 4.87 മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം. വാഷിങ്ടണ്‍ സര്‍വകലാശാല ഗവേഷകരുടെതാണ് കണ്ടെത്തല്‍. ഇത്രയും നാൾ പുകയില ഉപയോഗമായിരുന്നു കാന്‍സറിന്‍റെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്. എന്നാൽ ആ സ്ഥാനത്തേയ്ക്ക് മധുര പാനീയങ്ങൾ എത്തിയതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

സമീപകാലത്തായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയിലെ ഓറല്‍ കാന്‍സറുകളുടെ നിരക്ക് വര്‍ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും ജെഎഎംഎ ഓട്ടോളറിംഗോളജി-ഹെഡ് ആന്റ് നെക്ക് സര്‍ജറിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചായയിലും കാപ്പിയിലും സോഡയിലുമൊക്കെയായി ദിവസവും വലിയൊരു അളവില്‍ പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും നമ്മള്‍ കാര്യമാക്കാറില്ല. 1976 മുതല്‍ സ്ത്രീകള്‍ മധുരപാനീയങ്ങള്‍ കുടിക്കുന്ന കണക്ക് വിലയിരുത്തിയായിരുന്നു ഗവേഷണം. പഞ്ചസാര അടങ്ങിയ മധുരപാനീയങ്ങള്‍ വന്‍കുടലിലെയും ദഹനനാളത്തിലെയും കാന്‍സറിന് കാരണമാകുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

പഞ്ചസാര ചേർത്ത പാനീയങ്ങളെ പഞ്ചസാര ചേർത്ത കഫീൻ അടങ്ങിയതും അല്ലാത്തതുമായ സോഡകൾ, പഞ്ചസാര ചേർത്ത കോള ചേർക്കാത്ത കാർബണേറ്റഡ് പാനീയങ്ങൾ, കാർബണേറ്റ് ചെയ്യാത്ത മധുരമുള്ള പാനീയങ്ങൾ (നാരങ്ങാവെള്ളം, മധുരമുള്ള ചായ പോലുള്ളവ) എന്നിങ്ങനെ പല തരത്തില്‍ തിരിച്ചായിരുന്നു പഠനം നടത്തിയത്. 160,000 ത്തിലധികം സ്ത്രീകളിലെ മധുര പാനീയം കുടിക്കുന്ന ശീലങ്ങളും ആരോഗ്യ ഫലങ്ങളും ഗവേഷകര്‍ വിശകലനം ചെയ്തു.

ദിവസേന മധുര പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്കാണ് രോഗം വരാൻ സാധ്യത കൂടുതൽ. ഈ സ്ത്രീകൾക്ക് ഓറൽ ക്യാവിറ്റി കാൻസർ വരാനുള്ള സാധ്യത 4.87 മടങ്ങ് കൂടുതലാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. അതിനൊപ്പം പുകവലിക്കുകയോ ലഘുവായി മദ്യപിക്കുകയോ ചെയ്യുന്നവരില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത 5.46 മടങ്ങ് വരെ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. അതിനാൽ മധുര പാനീയങ്ങൾ കഴിവതും ഒഴിവാക്കാൻ സ്ത്രീകൾ പരമാവധി ശ്രമിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *