Your Image Description Your Image Description

ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിലെ നിർണായക സ്ഥാനത്തുനിന്നും രാജി. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരിക്കെ തുടക്കമിട്ട സ്പോർട്സ് സയൻസ് വിഭാഗത്തിന്റെ തലവൻ നിതിൻ പട്ടേലാണ് സ്ഥാനം രാജി വെച്ചിരിക്കുന്നത്. പരുക്കേൽക്കുന്ന ഇന്ത്യൻ താരങ്ങളുടെ വിദഗ്ധ ചികിത്സയും ജോലിഭാരം ക്രമീകരിക്കുന്നതും ഉൾപ്പെടെ നിർണായക ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന വ്യക്തിയാണ് നിതിൻ പട്ടേൽ. ചാംപ്യൻസ് ട്രോഫിക്ക് തൊട്ടുപിന്നാലെ നിതിൻ രാജിവെക്കാനുള്ള കാരണം എന്താണെന്നത് വ്യക്തമല്ല.

ഇന്ത്യൻ ടീമിന്റെയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെയും മുൻ ഫിസിയോ കൂടിയാണ് നിതിൻ പട്ടേൽ. അധികം വൈകാതെ നിതിൻ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) വിടുമെന്നാണ് റിപ്പോർട്ട്. നിതിൻ പട്ടേലിന് പകരം ആളെ കണ്ടെത്താനായി ബിസിസിഐ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം നൽകും. 2022 ഏപ്രിലിൽ ചുമതലയേറ്റ നിതിൻ, ഇതിനിടെ ഒട്ടേറെ പ്രമുഖ താരങ്ങളുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചു. കൂടാതെ നിരവധി താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ തുടങ്ങി പരുക്കിന്റെ പിടിയിലായ ഇന്ത്യൻ ടീമിലെ പ്രമുഖരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത് നിതിൻ പട്ടേലായിരുന്നു. ഒരു വർഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് ഷമിയുടെ ചികിത്സയും നിതിൻ പട്ടേലിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. ഇപ്പോൾ ടീമിൽനിന്ന് വിട്ടുനിൽക്കുന്ന ജസ്പ്രീത് ബുമ്രയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നതും നിതിനാണ്.

Leave a Reply

Your email address will not be published. Required fields are marked *