Your Image Description Your Image Description

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കിരീടം നേടിയിട്ടും ആഗ്രഹിച്ച രീതിയിലുള്ള അംഗീകാരം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. ചാംപ്യൻസ് ട്രോഫിയിലെ ഗംഭീര പ്രകടനത്തിന് പിന്നാലെയാണ് തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ശ്രേയസ് മനസ്സു തുറന്നത്.

‘‘ഐപിഎൽ കളിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. ഞാൻ വിജയിക്കുകയും ചെയ്തു. ഐപിഎൽ കിരീടം നേടിയ ശേഷവും ഞാൻ ആഗ്രഹിച്ച രീതിയിലുള്ള അംഗീകാരം എനിക്ക് ലഭിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ആരും കാണാനില്ലെങ്കിലും നമ്മൾ ശരിയായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കണം. നമ്മൾ ഗ്രൗണ്ടിൽ നടത്തുന്ന ശ്രമങ്ങൾക്ക് ബഹുമാനം ലഭിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. ചിലപ്പോഴൊക്കെ അതൊന്നും ആരും ശ്രദ്ധിക്കാറില്ല. പക്ഷേ എന്റെ പ്രകടനത്തിൽ എനിക്കു നല്ല തൃപ്തിയുണ്ട്. കാരണം അതൊന്നും അത്ര എളപ്പമുള്ള പിച്ചുകളല്ല. ബോളർമാർ അത്രയും മികച്ച പന്തുകൾ എറിയുമ്പോൾ സിംഗിൾ എടുക്കുന്നത് പോലും എളുപ്പമാകില്ല. ഒന്നോ രണ്ടോ സിക്സുകൾ അവിടെ നേടാൻ സാധിച്ചാൽ, കാര്യങ്ങൾ എന്റെ ടീമിന് അനുകൂലമാക്കാൻ കഴിയുമെന്ന വിശ്വാസമാണുള്ളത്.

ഭാഗ്യത്തിന് നിർണായക സമയങ്ങളിലെല്ലാം എനിക്ക് അതു ചെയ്യാൻ സാധിക്കുന്നുണ്ട്.’’– ശ്രേയസ് അയ്യർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കൊൽക്കത്തയെ ഐപിഎൽ ചാംപ്യൻമാരാക്കിയതിന് പിന്നാലെ ശ്രേയസ് ടീം വിട്ടിരുന്നു. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നടക്കം പുറത്തായി നിൽക്കുമ്പോഴായിരുന്നു ഐപിഎൽ കിരീടം വിജയിച്ച് ശ്രേയസ് വിമർശകർക്ക് മറുപടി നൽകിയത്. മെഗാലേലത്തിൽ പങ്കെടുത്ത താരത്തെ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് വാങ്ങിയത്. അടുത്ത സീസണിൽ ശ്രേയസ് അയ്യർക്ക് കീഴിൽ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് കിങ്സ്.

Leave a Reply

Your email address will not be published. Required fields are marked *