Your Image Description Your Image Description

രാജ്യം ഹോളി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഉത്തരേന്ത്യയിലാണ് കൂടുതൽ ആഘോഷങ്ങളും നടക്കുന്നത്. നിറങ്ങളും, വർണങ്ങളും, മധുര പലഹാരങ്ങളുമായി വ്യത്യസ്തമായ ആഘോഷങ്ങളാണ് മിക്കയിടങ്ങളിലും നടക്കുന്നത്. പരസ്പരം ചായങ്ങൾ തേച്ചും പല നിറത്തിലുള്ള വെള്ളം പരസ്പരം ഒഴിച്ചുമൊക്കെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും കൂടി ആഘോഷം കളറാക്കുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ പ്രചാരമുള്ള ഒരു ഗ്രാമമുണ്ട്. സ്ത്രീകൾ ഹോളി ആഘോഷിക്കുമ്പോൾ പുരുഷന്മാര്‍ നാടുവിടാന്‍ നിര്‍ബന്ധിതരാകുന്ന ആ ഗ്രാമം രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ്. ഈ ഗ്രാമത്തിൽ ഹോളി ദിനത്തില്‍ പുരുഷന്മാര്‍ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ഒന്നും രണ്ടും വർഷമായിട്ടല്ല 500 വർഷങ്ങളായി പിന്തുടർന്നുപോരുന്ന രീതിയാണിത്. അഞ്ചു നൂറ്റാണ്ടായി പിന്തുടരുന്ന പാരമ്പര്യം അനുസരിച്ച് ഹോളി ദിവസം രാവിലെ 10 മണിയോടെ ​ഗ്രാമത്തിലെ പുരുഷൻമാർ വീടുകളിൽ നിന്ന് ഇറങ്ങി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ചാമുണ്ഡ മാതാ ക്ഷേത്രത്തിലേക്ക് പോകുന്നു. അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇത് നിർബന്ധമാണ്. ഏകദേശം അഞ്ച് മണിക്കൂറോളം അവർ അവിടെ ചിലവഴിക്കുന്നു. പുരുഷൻമാർ ​ഗ്രാമത്തിന് പുറത്തേക്ക് പോയാൽ പിന്നെ തെരുവുകൾ സ്ത്രീകൾക്ക് സ്വന്തമാണ്. നിറങ്ങൾ വിതറിയും നൃത്തം ചെയ്തും നിയന്ത്രണങ്ങളൊന്നുമില്ലാതെ സ്ത്രീകൾ ഹോളി ആ​ഘോഷിക്കുന്നു.

പുരുഷൻമാർക്ക് ഹോളി ആഘോഷിക്കാൻ മാത്രമല്ല വിലക്ക്, അത് കാണാനും വിലക്കുണ്ട്. പാരമ്പര്യത്തിന് വിപരീതമായി ഹോളി സമയത്ത് ​ഗ്രാമത്തിൽ ഒരു പുരുഷൻ പിടിക്കപ്പെട്ടാൽ ചാട്ടവാറടിയായിരുന്നു ശിക്ഷ. ഇപ്പോൾ ​ഇത്തരത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ ആ പുരുഷനെ ഗ്രാമത്തിൽ നിന്നും എന്നന്നേക്കുമായി വിലക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പരിമിതമായിരുന്ന ഒരു കാലത്ത് ഉരുത്തിരിഞ്ഞതാണ് ഈ പാരമ്പര്യമെന്നാണ് വിശ്വാസം. പുരുഷന്മാർ ഉണ്ടെങ്കിൽ സ്ത്രീകൾ പുറത്തിറങ്ങില്ലായിരുന്നു. അതിനാൽ സ്ത്രീകൾക്ക് സ്വതന്ത്രമായി ഹോളി ആഘോഷിക്കാൻ പുരുഷന്മാർ സ്വമേധയാ ​ഗ്രാമത്തിന് പുറത്തേക്ക് പോയി തുടങ്ങുകയായിരുന്നു. നൂറ്റാണ്ടുകളായി കൈമാറിവരുന്ന ഈ രീതി ഇപ്പോഴും പിന്തുടർന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *