Your Image Description Your Image Description

ഷാർജ: റമദാൻ മാസത്തിൽ സമൂഹത്തിന്റെ കാരുണ്യവും ഔദാര്യവും മുതലെടുത്ത് പണം സമ്പാദിക്കാൻ നിരവധി പേർ ശ്രമിക്കുന്നുന്നതിനാൽ സംഭാവനകൾ അം​ഗീകൃത ചാനലുകൾ വഴി മാത്രം നൽകണമെന്ന് ഷാർജ പോലീസ് നിർദേശിച്ചു. പുണ്യ മാസത്തിൽ ഭിക്ഷാടനം പ്രത്യേകമായ പ്രശ്നമായി മാറുന്നുണ്ടെന്ന് സുരക്ഷ മാധ്യമ വിഭാ​ഗം ഡയറക്ടർ കേണൽ ഡോ.മുഹമ്മദ് ബാത്തി അൽ ഹജരി പറഞ്ഞു. രാജ്യത്ത് നടക്കുന്ന യാചനാ വിരുദ്ധ കാമ്പയിനിന്റെ ഭാ​ഗമായി നടത്തിയ ബോധവത്കരണത്തിലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് യാചനാവിരുദ്ധ കാമ്പയിൻ വിജയകരമായി മുന്നോട്ട് പോകുകയാണ്.

കാമ്പയിൻ ചെറിയ പെരുന്നാൾ ദിവസം വരെയും തുടരും. ഭിക്ഷാടനം പോലുള്ള അനധികൃത പ്രവൃത്തികൾ തടയാനായി പള്ളികളുടെയും മറ്റും ഭാ​ഗങ്ങളിൽ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കേണൽ അൽ ഹജരി വ്യക്തമാക്കി. ഭിക്ഷാടനം ശ്രദ്ധയിൽപ്പെടുന്നവർ 901 എന്ന നമ്പറിലോ പോലീസ് ഐയിലോ ഇ-ക്രൈം പ്ലാറ്റ്ഫോമിലോ അറിയിക്കണമെന്നും പ്രത്യേക നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *