Your Image Description Your Image Description

തിരുവനന്തപുരം : വാർധക്യകാലത്ത് ആവശ്യമായ പകൽ വീടുകൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന ഭവന നിർമാണ ബോർഡിന് കഴിയണമെന്ന് റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭവനനിർമാണ ബോർഡിന്റെ 54-ാം വാർഷികവും വാടക കുടിശ്ശിക നിവാരണ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ഭവനനിർമാണ ബോർഡ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

1924 -ൽ സ്ഥാപിതമായ ഭവന നിർമാണ ബോർഡ് എം.എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ വലിയ സംഭാവനയാണ് കേരളത്തിന് നൽകിയത്. ലക്ഷം വീട് പദ്ധതിയിലൂടെ എല്ലാവർക്കും ഭവനം ഉറപ്പാക്കാനുള്ള ശ്രമം ആരംഭിച്ചു. വിവിധ വായ്പാ പദ്ധതികളിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെ ഭൂമി, ആരോഗ്യം, വിഭ്യാഭ്യാസം എന്നിവയോടൊപ്പം പാർപ്പിടങ്ങളും ജനങ്ങൾക്ക് ലഭിക്കാൻ തുടങ്ങി.

പുതിയ കാലത്ത് ഭവന നിർമാണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു നയം രൂപീകരിച്ച് നടപ്പിലാക്കാൻ കഴിയണം. ദുരന്ത ബാധിത സ്ഥലങ്ങളിലേക്കെത്തുമ്പോൾ പലപ്പോഴും തകർന്നു കിടക്കുന്ന പല നിർമാണങ്ങളും അനുവദനീയമായതല്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നു. ഏതൊക്കെ നിർമാണ വസ്തുക്കളും നിർമാണ രീതികളുമാണ് ഉപയോഗിക്കാൻ സാധിക്കുക എന്നതിൽ വ്യക്തതയുണ്ടാകേണ്ടതുണ്ട്. അടച്ചുപൂട്ടപ്പെട്ട വീടുകൾ ടൂറിസത്തിന് ഹോം സ്റ്റേകളായി ഉപയോഗിക്കാം എന്ന നിർദേശം അനുകരണീയമാണ്. കാലവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന കാലത്തിൽ പ്രകൃതി സൗഹൃദ നിർമാണ രീതി പ്രോൽസാഹിപ്പിക്കുകയും അവ പൂർത്തീകരിക്കാൻ ആവശ്യമായ സമയം നിർണയിക്കുകയും വേണം.

ഭവന നിർമാണ ബോർഡ് നടപ്പിലാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് ബജറ്റിൽ മുൻവർഷത്തിനേക്കാൾ ഇരട്ടി തുക വകയിരുത്തിയിട്ടുണ്ട്. പുതിയ മാറ്റമനുസരിച്ച് രണ്ട് ലക്ഷം രൂപക്ക് പകരം 3 ലക്ഷം രൂപ ഗവൺമെന്റ് വിഹിതമായി. കുടിശ്ശിക സമയബന്ധിതമായി പിരിക്കുന്നതിന് ബോർഡ് താഴെത്തട്ടിൽ വരെ ശ്രദ്ധ ചെലുത്തണം. മറൈൻ ഇക്കോ സിറ്റിക്ക് മേയിൽ തറക്കല്ലിടും. പ്രവർത്തന പുരോഗതി ഓരോ ആഴ്ചയിലും റവന്യൂ സെക്രട്ടേറിയേറ്റ് വിലയിരുത്തും. 35 ലക്ഷം സ്‌ക്വയർ ഫീറ്റിലുയരുന്ന മൂന്ന് നില പാർക്കിംഗ്, കൺവെൻഷൻ സെന്റർ, റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഏരിയകൾ ഉൾപ്പെടുന്ന പദ്ധതി കേരളത്തിലെ അഭിമാന പദ്ധതിയായി മാറുമെന്നും മന്ത്രി പറഞ്ഞു. ഭവനനിർമാണ ബോർഡ് ചെയർമാൻ ടി.വി ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷീബാ ജോർജ് സ്വാഗതമാശംസിച്ചു. ബോർഡ് അംഗങ്ങളായ മാങ്കോട് രാധാകൃഷ്ണൻ, സുമോദ് കെ എബ്രഹാം, അഡീഷണൽ സെക്രട്ടറി കെ. ബാബു, ചീഫ് എൻജിനീയർ എസ്. മനോമോഹൻ എന്നിവർ സംബന്ധിച്ചു. ചീഫ് പ്രോജക്റ്റ് എഞ്ചിനീയർ എസ്. ഗോപകുമാർ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *