Your Image Description Your Image Description

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നേട്ടത്തോടെ 87ല്‍ താഴെ എത്തിയിരിക്കുകയാണ് രൂപ. 86.90 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വലിയ തുണയായത്.

ഇന്നലെ 19 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 87 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്ന് വീണ്ടും രൂപയുടെ മൂല്യം ഉയരുകയായിരുന്നു.

അതിനിടെ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഭാരതി എയര്‍ടെല്‍, ഗ്രാസിം എന്നി കമ്പനികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

ഓഹരി വിപണിയില്‍ പത്തുദിവസത്തെ ഇടിവിന് ശേഷം കഴിഞ്ഞ ദിവസം ഉയർച്ച രേഖപ്പെടുത്തിയിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 800ലധികമാണ് പോയിന്റ് മുന്നേറിയിരുന്നത്. 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. കഴിഞ്ഞ ദിവസം 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴേക്ക് വിപണി വീഴുമോ എന്ന ആശങ്ക നിക്ഷേപകരുടെ ഇടയില്‍ ഉയര്‍ന്നിരുന്നു.

അതേസമയം കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന പ്രതീക്ഷയില്‍ വാങ്ങലിന് നിക്ഷേപകര്‍ തയ്യാറായതും ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവുമാണ് കഴിഞ്ഞ ദിവസം വിപണിയുടെ കുതിപ്പിന് കാരണമായത്. മുൻ ദിവസങ്ങളില്‍ വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണി നേരിട്ടത്. അമിതമായ വില്‍പ്പനയെ തുടര്‍ന്ന് ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഐടി, മെറ്റല്‍, എണ്ണ, പ്രകൃതി വാതകം, ചെറുകിട, ഇടത്തരം കമ്പനികള്‍ എന്നിവയില്‍ ആണ് കാര്യമായ മുന്നേറ്റം ദൃശ്യമായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *