Your Image Description Your Image Description

പാടത്തും ,തോട്ടുവക്കിലും ,വയൽവരമ്പുകളിലെല്ലാം സുലഭമായി വളരുന്ന ഒരു ഔഷധ സസ്യമാണ് കുടങ്ങൽ. നിലത്തു പടർന്നു വളരുന്ന ഒരു ചെറുസസ്യമാണിത്. ഇതി​ന്റെ ഇലകൾ മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയും. വൃക്കയുടെ ആകൃതിയിലുള്ള ഇതി​ന്റെ ഇലകൾ പത്തിലകളിൽ ഉൾപ്പെടുന്നു. ഇവ നിരവധി രോ​ഗങ്ങൾക്കുള്ള ഔഷധ സസ്യമാണ്.

കുടങ്ങലിന്റെ ഔഷധഗുണങ്ങൾ .

കുടങ്ങൽ സമൂലം (വേരോടെ മൊത്തമായും ) ഔഷധമായി ഉപയോഗിക്കുന്നു .ആയുർവേദത്തിൽ ഒരു ബ്രെയിൻ ടോണിക്കായി മുത്തിൾ ഉപയോഗിക്കുന്നു .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും .ധാതുപുഷ്ടിയും യൗവനവും നിലനിർത്തും .തലച്ചോറിനെ ബാധിക്കുന്ന മിക്ക രോഗാവസ്ഥകളിലും മുത്തിൾ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട് .മുലപ്പാൽ വർധിപ്പിക്കുകയും ശുദ്ധിയാക്കുകയും ചെയ്യും .കുടങ്ങലിൽ അടങ്ങിയിരിക്കുന്ന ബ്രഹ്മിനോസൈഡ് രാസഘടകം ഉറക്കമുണ്ടാക്കും .അതിനാൽ മാനസിക പ്രശ്നങ്ങൾ ,അപസ്മാരം ,ഭ്രാന്ത് ,ബുദ്ധിക്കുറവ് ,ഉറക്കക്കുറവ് തുടങ്ങിയവയുടെ ചികിൽത്സയ്‌ക്കും കുടങ്ങൽ ഔഷധമായി ഉപയോഗിക്കുന്നു .പനി ,ചുമ ,ആസ്മ ,അലർജി, തലവേദന,ബ്രോങ്കൈറ്റിസ് ,പീനസം, ഹൃദ്രോഗം എന്നിവയ്ക്കും കുടങ്ങൽ ഔഷധമാണ് .

സോറിയാസിസ് ,കുഷ്ടം ,വ്രണങ്ങൾ ,ചതവ് ,മുറിവുകൾ .എന്നിവയ്‌ക്കെല്ലാം കുടങ്ങൽ ഔഷധമായി ഉപയോഗിക്കാം .മൂത്രാശയരോഗങ്ങൾക്കും ,ഉദരരോഗങ്ങൾക്കും മുത്തിൾ ഔഷധമാണ് .നീര് ,വേദന ,വീക്കം ,ആമവാതം ,മഞ്ഞപ്പിത്തം,ആർത്തവ പ്രശ്നങ്ങൾ എന്നിവയ്‌ക്കെല്ലാം കുടങ്ങൽ ഔഷധമാണ് .മുകളിൽ പറഞ്ഞ രോഗാവസ്ഥകളിൽ എല്ലാം തന്നെ കുടങ്ങൽ ഇടിച്ചുപിഴിഞ്ഞ നീര് 5 മുതൽ 10 മില്ലി വരെ കഴിക്കാവുന്നതാണ് .ഉണക്കിപ്പൊടിച്ച പൊടി ഒരു ടീസ്പൂൺ വരെ ചൂടുവെള്ളത്തിൽ കഴിക്കാവുന്നതാണ് .ബ്രഹ്മിക്ക് പകരമായും മുത്തിൾ ഉപയോഗിക്കാറുണ്ട് .

പത്തിലകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് മുത്തിൾ .കർക്കിടകമാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഔഷധ കഞ്ഞിയോടൊപ്പം കഴിക്കുന്ന ഒരു വിഭവമാണ് പത്തിലത്തോരൻ .

കുടങ്ങലിന്റെ ചില ഔഷധപ്രയോഗങ്ങൾ .

കുടങ്ങൽ ഉറക്കത്തെ പ്രേരിപ്പിക്കുന്ന ഔഷധമാണ് .ശീത വീര്യമാണ് .ഇലക്കറിയായോ ഔഷധമായോ അമിതമായ അളവിൽ കഴിച്ചാൽ വാതദോഷം വർധിക്കുകയും മയക്കം ,തലകറക്കം, തലവേദന ,ശരീരക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകാം .കൂടാതെ ചർമ്മത്തിൽ ചൊറിച്ചിലുമുണ്ടാകാം .എന്നാൽ ചെറിയ അളവിൽ കഴിച്ചാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല താനും .

കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഒരു ടീസ്പൂണ്‍ വീതം വെണ്ണയും ചേർത്ത് കുട്ടികൾക്ക് പതിവായി രാവിലെ കൊടുത്താൽ അവരുടെ ബുദ്ധിശക്തിയും ധാരണാശക്തിയും വർധിക്കും .ഇങ്ങനെ കഴിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുടങ്ങലിന്റെ ഇല അരച്ച് അരിപ്പൊടിയിൽ ചേർത്ത് ശർക്കരയും ചേർത്ത് കുഴച്ച് വാഴയിലയിൽ പരുത്തി അപ്പം പോലെ ചുട്ട് കൊടുക്കാവുന്നതാണ് .

കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീരും സമൂലം അരച്ചതും ചേർത്ത് നെയ്യ് കാച്ചി 10 ഗ്രാം വീതം ദിവസവും കഴിച്ചാൽ ശരീരശക്തി ,ബുദ്ധിശക്തി എന്നിവ വർധിക്കുകയും ദീർഘകാല യൗവനം കൈവരിക്കുകയും ചെയ്യും .അപസ്‌മാരം ,ഉന്മാദം ,മാനസികരോഗങ്ങൾ ,ഉറക്കക്കുറവ് എന്നിവയ്‌ക്കെല്ലാം ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് . കുടങ്ങൽ ഉണക്കിപ്പൊടിച്ച പൊടി ഒരു ടീസ്പൂൺ വീതം നെയ്യിലോ തേനിലോ ചേർത്ത് കഴിക്കുന്നതും ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും യൗവനം നിലനിർത്തുന്നതിനും നല്ലതാണ് .കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മുതൽ 15 മില്ലി വരെ കഴിക്കുന്നതും മുകളിൽ പറഞ്ഞ രോഗങ്ങൾക്കെല്ലാം നല്ലതാണ്.

കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ സോമലത അരച്ചതും ചേർത്ത് പശുവിൻ നെയ്യിൽ കാച്ചി ഒരു ടീസ്പൂൺ വീതം പതിവായി കഴിച്ചാൽ അപസ്‌മാരം ,മുദ്ധിമാന്ദ്യം ,മാനസിക രോഗങ്ങൾ തുടങ്ങിയ തലച്ചോർ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ശമനമുണ്ടാകും .

കുഷ്ടം ,സോറിയാസിസ് ,വ്രണം മുതലായ ത്വക്ക് രോഗങ്ങൾക്ക് കുടങ്ങൽ അകത്തും പുറത്തും ഔഷധമായി ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ ഇല അരച്ച് വെളിച്ചെണ്ണയിൽ കാച്ചി ചർമ്മരോഗങ്ങൾക്കും വ്രണത്തിനും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .ഇത് വാത വേദനകൾക്കും നീരിനും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .കുടങ്ങൽ പച്ചയ്ക്ക് അരച്ചും ചർമ്മരോഗങ്ങൾക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .2 മുതൽ 4 ഗ്രാം വരെ ഉണങ്ങിയ പൊടിയോ 5 മില്ലി വരെ നീരോ എല്ലാ ചർമ്മരോഗങ്ങൾക്കും പതിവായി ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കാം .കുടങ്ങലും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടിയാൽ പുഴുക്കടി മാറിക്കിട്ടും .

കുടങ്ങലിന്റെ ഇല അരച്ച് ഒരു ടീസ്പൂൺ വീതം മോരിലോ ചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കുന്നതു മുറിവുകൾ പെട്ടന്ന് കരിയാൻ സഹായിക്കും . കുടങ്ങലും പച്ചമഞ്ഞളും ചേർത്തരച്ച് ചതവ് പറ്റിയ ഭാഗത്ത് പുരട്ടുന്നത് ചതവ് മാറുന്നതിന് ഉത്തമമാണ് .കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ കാർകോകിലരി അരച്ച് പുറമെ പുരട്ടിയാൽ പൊള്ളലും പൊള്ളൽ മൂലമുണ്ടായ പാടുകളും പൂർണ്ണമായും മാറിക്കിട്ടും .

കുടങ്ങൽ ,പച്ചമഞ്ഞൾ എന്നിവ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ മോരിൽ ചേർത്ത് കഴിക്കുന്നത് വായ്‌നാറ്റം മാറാൻ ഉത്തമമാണ് .കൂടാതെ വായ്പ്പുണ്ണിനും കുടലിലെ അൾസറിനും,മഞ്ഞപ്പിത്തത്തിനും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ്. കുടങ്ങൽ സമൂലം അരച്ച് പശുവിൻ പാലിലോ തേനിലോ ചേർത്ത് കഴിക്കുന്നതും മഞ്ഞപ്പിത്തത്തിന് ഔഷധമാണ് .കുടങ്ങൽ ,പച്ചമഞ്ഞൾ ,കീഴാർനെല്ലി എന്നിവ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .കുടങ്ങലിന്റെ രണ്ടോ മൂന്നോ ഇലകൾ പച്ചയ്ക്ക് ചവച്ചു കഴിക്കുന്നത് കരൾ സംബന്ധമായ എല്ലാ രോഗങ്ങൾക്കും നല്ലതാണ് .

കുടങ്ങൽ ഇടിച്ചു പിഴിഞ്ഞ നീര് അര ഔൺസ് വീതം പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത ചുമ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് നല്ലതാണ് .ഇത് ശരീരബലം വർധിപ്പിക്കുന്നതിനും ,പ്രധിരോധശേഷി വർധിപ്പിക്കുന്നതിനും ,ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യൗവനം നിലനിർത്തുന്നതിനും നല്ലതാണ് .

കുടങ്ങലിന്റെ 3 ഇലയും 3 കുരുമുളകും കൂടി 41 ദിവസം തുടർച്ചായി കഴിച്ചാൽ അലർജി മൂലമുണ്ടാകുന്ന തുമ്മൽ ശമിക്കും .കുടങ്ങൽ .തുളസി ,കയ്യോന്നി എന്നിവ ഇടിച്ചു പിഴിഞ്ഞ നീരിൽ രക്തചന്ദനം പൊടിയും ചേർത്ത് വെളിച്ചണ്ണയിൽ കാച്ചി പച്ചക്കർപ്പൂരവും ചേർത്ത് ഇറക്കി എടുക്കുന്ന എണ്ണ തലയിൽ പതിവായി തേച്ചുകുളിച്ചാൽ വിട്ടുമാറാത്ത ജലദോഷം ,തുമ്മൽ എന്നിവയ്ക്ക് ശമനമുണ്ടാകും .

കുടങ്ങലിന്റെ ഇലയും കുരുമുളകും ചേർത്തരച്ച് കഴിക്കുന്നത് എക്കിൾ മാറാൻ നല്ലതാണ് .കുടങ്ങലും ,കുരുമുളകും ,മഞ്ഞളും ഒരേ അളവിൽ അരച്ച് തഴുതാമയില നീരിൽ 41 ദിവസം തുടർച്ചയായി കഴിച്ചാൽ രക്തസമ്മർദവും ഹൃദ്രോഗവും ശമിക്കും .

കുടങ്ങലിന്റെ ഇലയും മൂന്നു കുരുമുളകും ചേർത്തരച്ച് ഒരു നെല്ലിക്ക വലുപ്പം ദിവസവും കഴിക്കുകയും വായിൽ പകുതി വെള്ളം നിറച്ച് സംസാരിച്ചു ശീലിക്കുകയും ചെയ്‌താൽ വിക്ക്‌ മാറിക്കിട്ടും .കുടങ്ങലിന്റെ ഇലയുടെ നീരും ,പാലും ,ഇരട്ടിമധുരവും പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് അവർക്കുണ്ടാകുന്ന ചർമ്മരോഗങ്ങൾ ,രക്തദുഷ്ടി ,മഞ്ഞപ്പിത്തം ,പനി എന്നിവയ്ക്ക് നല്ലതാണ് .കുടങ്ങലിന്റെ ഇല നീരിൽ ഇരട്ടിമധുരം അരച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ മാനസിക രോഗങ്ങൾ ശമിക്കും .

കുട്ടികളുടെ വയറിളക്കത്തിന് കുടങ്ങലിന്റെ മൂന്നോ നാലോ ഇലകൾ ജീരകവും പഞ്ചസാരയും ചേർത്ത് കൊടുത്താൽ മതിയാകും . മുത്തിൾ ഉണക്കി പൊടിച്ച ചൂർണ്ണം ഒരു ടീസ്പൂൺ വീതം കഴിക്കുന്നത് സ്ത്രീകളിലെ വെള്ളപോക്കിന് ഔഷധമാണ് .കുടങ്ങൽ .തുളസിക്കതിർ ,പൊൻകരണ്ടി വേരിന്മേൽ തൊലി ,ഉണക്കനെല്ലിക്ക ,ഉലുവ ,ജീരകം എന്നിവ ചേർത്തുണ്ടാക്കുന്ന കഷായം പ്രമേഹം ,രക്തസമ്മർദം ,ജലദോഷം ,കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം ഔഷധമാണ് .

കൊടിഞ്ഞി തലവേദനയ്ക്കും കുടങ്ങൽ ഔഷധമാണ് .കുടങ്ങൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കാലിന്റെ തള്ളവിരലിൽ ഒഴിച്ചു നിർത്തിയാൽ മതിയാകും .വലതുവശത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ ഇടതുകാലിന്റെ തള്ളവിരലിലും .ഇടതുവശത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ വലതുകാലിന്റെ തള്ളവിരലിലുമാണ് നീര് ഒഴിച്ചു നിർത്തേണ്ടത് .സൂര്യയോദയത്തിനു മുമ്പായിട്ടു വേണം ഇപ്രകാരം ചെയ്യാൻ .

Leave a Reply

Your email address will not be published. Required fields are marked *