Your Image Description Your Image Description

പാകിസ്ഥാന്‍ ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നതിനും 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ ഭ്രമണം ചെയ്യുന്ന ടിയാന്‍ഗോങ്ങിലേക്ക് അയയ്ക്കുന്നതിനുമുള്ള ഉഭയകക്ഷി ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കരാറില്‍ ചൈനയും പാകിസ്ഥാനും വെള്ളിയാഴ്ച ഒപ്പുവച്ചതായി ചൈന മാന്‍ഡ് സ്പേസ് ഏജന്‍സി (സിഎംഎസ്എ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചൈന മാനെഡ് സ്പേസ് ഏജന്‍സി അധികൃതരും പാകിസ്ഥാന്റെ സ്പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷനും (സുപാര്‍കോ) ഇസ്ലാമാബാദില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക് ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതായി ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനെ സഹായിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈന ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു വരികയാണ്.

ഏകദേശം നാല് വര്‍ഷമായി ചൈനീസ് ബഹിരാകാശ നിലയം ഭ്രമണപഥത്തിലുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് രാജ്യത്തെ ഒഴിവാക്കിയതിന് ശേഷമാണ് ചൈന ടിയാന്‍ഗോംഗ് നിര്‍മ്മിച്ചത്. ചൈനയും യുഎസും തമ്മിലുള്ള മത്സരത്തിന്റെ പുതിയ മേഖലയായും ചൈനയുടെ ബഹിരാകാശ നിലയത്തെ വിലയിരുത്തുന്നു. മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര ദൗത്യം, ചാന്ദ്ര ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണം, വാസയോഗ്യമായ ഗ്രഹങ്ങളുടെ പര്യവേക്ഷണം, ഭൂമിക്ക് പുറത്തുള്ള ജീവികള്‍ എന്നിവ ഉള്‍പ്പെടുന്ന കൂടുതല്‍ പദ്ധതികള്‍ ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2030 ന് മുമ്പ് ചൈന ബഹിരാകാശയാത്രികരെ ചന്ദ്രനില്‍ ഇറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും ചൈനീസ് ബഹിരാകാശ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍ സിക്വിയാങ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *