Your Image Description Your Image Description

വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചത് മൂലം കുറച്ച് ദിവസങ്ങളായി വാഹന ഉടമകള്‍ നട്ടം തിരിയുകയാണ്. പ്രത്യേകിച്ച് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചവരാണ് പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനായിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലുണ്ടായ അപാകതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം. എന്നാല്‍, പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞവർ ആശങ്കപ്പെടേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

22-2-2025 നും 27-2-2025-നുമിടയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പോര്‍ട്ടല്‍ സാങ്കേതിക കാരണങ്ങളാല്‍ 22-02-25 മുതല്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ സെര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യവ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇത് പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ ഇനിയും 24 മണിക്കൂറില്‍ അധികം സമയം വേണമെന്നും എം.വി.ഡിയുടെ കുറിപ്പില്‍ പറയുന്നു. പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളും തടസ്സപ്പെടുമെന്നും ടെസ്റ്റ് വൈകിയാല്‍ വാഹന ഉടമകള്‍ക്ക് പിഴ അടയ്ക്കേണ്ടി വരുമെന്നുമുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *