Your Image Description Your Image Description

തരൂരിനെ കാരണം തലവേദന ഒഴിഞ്ഞിട്ട് കോൺഗ്രസിന് ഇപ്പോൾ നേരമില്ലെന്നായി . പിണറായിയെ പുകഴ്ത്തി എന്നും പറഞ്ഞ് ആയിരുന്നു കോൺഗ്രസുകാർ തരൂരിന്റെ നെഞ്ചത്ത് കയറിയത്. അപ്പോഴേ പറഞ്ഞതാ വേണ്ട വേണ്ട എന്ന്. ആരു പറഞ്ഞു? തരൂർ. പറഞ്ഞത് കോൺഗ്രസുകാരോടാണ്. കേട്ടില്ല. എന്നിട്ട് ഇപ്പോ തരൂർ സംസ്ഥാനത്തിനെ വിട്ട് കേന്ദ്രത്തിൽ പിടിമുറുക്കി. ഇപ്രാവശ്യം പുകഴ്ത്തിയത് പിണറായിയെയല്ല മോദിയെയാണ്. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല എന്ന് ഉറപ്പിച്ചു തന്നെയാണ് തരൂർ. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസിനെ കുരുക്കിലാക്കിയ ശശി തരൂര്‍ എംപിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റും ചര്‍ച്ചയാകുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധിക്കുമൊപ്പമുള്ള ചിത്രമാണ് തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തുള്ള തരൂരിന്റെ വാക്കുകളും ഇതോടൊപ്പം ചര്‍ച്ചയായി.തരൂരിന്റെ വാക്കുകളും ലേഖനങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ അദ്ദേഹം നടത്തിയ പ്രതികരണം കൂടുതല്‍ വിവാദമാകുകയും ചെയ്തു. തനിക്ക് മുമ്പില്‍ മറ്റുവഴികളുണ്ടെന്ന തരൂരിന്റെ വാക്കുകളും പല രീതിയല്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കെയാണ് കേന്ദ്രമന്ത്രിക്കൊപ്പമുള്ള തരൂരിന്റെ പുതിയ സെല്‍ഫി.ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് ആണ് തരൂരിന്റെ സെല്‍ഫിയിലുള്ള മൂന്നാമന്‍. കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമായ നടപടിയാണ് എന്ന് തരൂര്‍ എക്‌സില്‍ കുറിച്ചു. സര്‍ക്കാരിനെ പ്രശംസിച്ചുള്ള ഈ വാക്കുകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്.കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ടിക്കറ്റില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജയിച്ച വ്യക്തിയാണ് ശശി തരൂര്‍. പാര്‍ട്ടിക്ക് അപ്പുറമുള്ള ജനകീയ പിന്തുണ തനിക്ക് ലഭിച്ചിരുന്നുവെന്ന് തരൂര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതെല്ലാം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കെയാണ് തരൂരിന്റെ സെല്‍ഫി.പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചുള്ള തരൂരിന്റെ വാക്കുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ സംരംഭകത്വ വളര്‍ച്ചയിലാണ് തരൂര്‍ ഇടതുസര്‍ക്കാരിനെ പ്രശംസിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്തുവരികയും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്ന നടപടിയാണ് തരൂരിന്റേത് എന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.അതേസമയം തന്നെയാണ് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച സംബന്ധിച്ച് കാര്യം സൂചിപ്പിച്ചായിരുന്നു മോദിയെ അദ്ദേഹം പ്രശംസിച്ചത്. മോദി വളരെ കര്‍കശക്കാരനായ ചര്‍ച്ച നടത്തുന്ന വ്യക്തിയാണ് എന്ന ട്രംപിന്റെ വാക്കുകളായിരുന്നു തരൂരിന്റെ പ്രശംസയ്ക്ക് കാരണം.തരൂരിന്റെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പരസ്യപ്രതികരണം വേണ്ട എന്ന് ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു. വിഷയം ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസും തരൂരും രണ്ട് വഴിയിലാണ് യാത്ര ചെയ്യുന്നത് എന്ന പ്രചാരണത്തിന് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടയാക്കിയിട്ടുണ്ട്.ഹൈക്കമാന്റ് നിര്‍ദേശത്തിന് ശേഷം തരൂര്‍ എന്ത് നിലപാട് എടുക്കുമെന്നതാണ് ഇനി നിര്‍ണായകം. തരൂരിനെ സ്വീകരിക്കുമെന്ന പരോക്ഷ സൂചന നല്‍കി സിപിഎം, ബിജെപി നേതാക്കള്‍ രംഗത്തുവന്നുകഴിഞ്ഞു.തരൂർ രണ്ടും കൽപ്പിച്ചു തന്നെയാണ് എന്നെ ചട്ടം പേടിപ്പിക്കേണ്ട എന്ന് തന്നെയാണ് തരൂരിന്റെ പക്ഷം .ഇനി കോൺഗ്രസ്സുകാർ ആരോട് എന്ത് എങ്ങനെ പരാതി പറയുമെന്ന് കാത്തിരുന്ന് കാണാം .

Leave a Reply

Your email address will not be published. Required fields are marked *