Your Image Description Your Image Description

പനാമ സിറ്റി: പനാമയിലേക്ക് നാട്കടത്തപ്പെട്ട യുഎസ് അനധികൃത കുടിയേറ്റക്കാരുടെ നടുക്കുന്ന അനുഭവങ്ങളാണ് പുറത്ത് വരുന്നത്. ഏഷ്യയിൽനിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള നൂറോളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ പൂട്ടിയിട്ടു. തുടർന്ന് രാത്രി ബസുകളിൽ കയറ്റി ഒരു കാടിന്റെ ഉള്ളിലുള്ള തടങ്കൽപ്പാളയത്തിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ഇത് ഒരു മൃഗശാല പോലെ തോന്നുന്നു. വേലി കെട്ടിയ കൂടുകൾ ഉണ്ട്’-പനാമ സിറ്റിയിൽ നിന്ന് നാലു മണിക്കൂർ നേരത്തെ യാത്രക്കു ശേഷം കാട്ടിലെ ക്യാമ്പിൽ എത്തിയ ഇറാനിൽ നിന്നുള്ള 27 കാരിയായ ആർട്ടെമിസ് ഘസെംസാദെ പറഞ്ഞു. ‘അവർ ഞങ്ങൾക്ക് ഒരു പഴകിയ റൊട്ടി തന്നു. ഞങ്ങൾ തറയിൽ ഇരിക്കുകയാണ്’.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീവ്ര ശ്രമത്തെ തുടർന്ന് നാടുകടത്തപ്പെട്ട സംഘത്തെ എത്രനാൾ ‘ജംഗിൾ’ ക്യാമ്പിൽ തടവിലിടുമെന്ന് വ്യക്തമല്ല. സൈറ്റിലെ അവസ്ഥകൾ പ്രാകൃതമാണെന്ന് തടവുകാർ വെളിപ്പെടുത്തി. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾ മേഖലയിൽ വ്യാപകമാണ്. മാത്രമല്ല, മാധ്യമപ്രവർത്തകർക്കും സഹായ സംഘടനകൾക്കും സർക്കാർ പ്രവേശനം നിഷേധിക്കുകയും ചെയ്തു.

ഈ സംഘത്തിൽ കുട്ടികളും ഉണ്ടെന്ന് പറയുന്നു. 8 വയസ്സുള്ള ഒരു കുട്ടിയുടെ മാതാവായ ഇറാനിയൻ സ്ത്രീ ബസ് യാത്രക്കിടെ കരഞ്ഞു. കുട്ടിക്ക് ദിവസങ്ങളായി തൊണ്ടവേദന ഉണ്ടായിരുന്നു. അനിശ്ചിതത്വവും നിരന്തരമായ ഓട്ടങ്ങളും കുഞ്ഞിനെ ബാധിച്ചു.

ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായുള്ള നീക്കത്തിലാണ് സംഘത്തെ പനാമയിലേക്ക് അയച്ചത്. വിവിധ കാരണങ്ങളാൽ, അഫ്ഗാനിസ്താൻ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ആളുകളെ എളുപ്പത്തിൽ നാടുകടത്താൻ യു.എസിന് കഴിയില്ല. എന്നാൽ, കടുത്ത സമ്മർദ്ദം ചെലുത്തി അവരിൽ ചിലരെ പനാമയെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ യു.എസിന് കഴിഞ്ഞു. കുടിയേറ്റക്കാരെ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നേരിട്ടുള്ള അഭ്യർഥന പനാമ പാലിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി റൂയിസ് ഹെർണാണ്ടസ് പറയുകയുണ്ടായി.

ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും കടുത്ത കുടിയേറ്റ നയങ്ങൾ വഴി ഇതര രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റുമതി ചെയ്യുന്നതിനുള്ള വലിയ തന്ത്രത്തിന്റെ ഭാഗമാണ് ഈ കരാർ. ജലപാതയിലെ ചൈനീസ് സ്വാധീനത്തിന്റെ പേരിൽ പനാമ കനാൽ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപിൽ നിന്ന് പനാമയും കടുത്ത സമ്മർദ്ദത്തിലാണെന്ന് വിശകലന വിദഗ്ധർ പറയുന്നു.

അതേമസയം, കോടതി ഉത്തരവില്ലാതെ പനാമയിൽ ആളുകളെ 24 മണിക്കൂറിലധികം തടങ്കലിൽ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകർ പറഞ്ഞു. 97 പേരെ ‘ക്യാമ്പി’ലേക്ക് മാറ്റിയതായി പനാമയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാർലോസ് റൂയിസ് ഹെർണാണ്ടസ് സ്ഥിരീകരിച്ചു. അവർ തടവുകാരല്ലെന്നും ഇത് കൂടുകൾ അല്ലെന്നും ഒരു കുടിയേറ്റ ക്യാമ്പാണെന്നും ഇവിടെ അവരെ പരിപാലിക്കുമെന്നുമെന്നുമാണ് ഹെർണാണ്ടസിന്റെ വാദം. കുടിയേറ്റക്കാരെ പാർപ്പിക്കാൻ സർക്കാറിന് ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനാണ് ക്യാമ്പ് എന്നും ഹെർണാണ്ടസ് പറഞ്ഞു.

കുടിയേറ്റക്കാരെ അവരുടെ സ്വന്തം സംരക്ഷണത്തിനായി പനാമ തടവിലാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർക്ക് അവർ ആരാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ‘പനാമ എൻ ഡയറക്‌ടോ’ എന്ന വാർത്താ പരിപാടിയിലെ അഭിമുഖത്തിൽ രാജ്യ സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ പറഞ്ഞു. പനാമയിലേക്ക് അയച്ച ശേഷം, നാടുകടത്തപ്പെട്ട കുടിയേറ്റക്കാർ ഇനി യു.എസ് നിയമത്തിന് വിധേയമല്ല. മധ്യേഷ്യയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കുടിയേറ്റക്കാർ ഉൾപ്പെടെ നാടുകടത്തപ്പെട്ട ചിലരെ കോസ്റ്ററിക്കയും കൊണ്ടുപോകുന്നു. യു.എസിൽ നിന്നുള്ള ഒരു വിമാനം വ്യാഴാഴ്ച കോസ്റ്റാറിക്കയിൽ എത്തുമെന്ന് കരുതുന്നു.

കഴിഞ്ഞയാഴ്ച പനാമ സിറ്റിയിലെത്തിയ 300ഓളം കുടിയേറ്റക്കാരെ ‘ഡെക്കാപോളിസ്’ എന്ന് വിളിക്കുന്ന ഒരു ഡൗൺടൗൺ ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അവരെ പുറത്തുപോകുന്നതിൽ നിന്ന് വിലക്കിയെന്നും അവരിൽ ചിലർ കോളുകളിലും മെസേജായും അറിയിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അവരിൽ പലരെയും പ്രതിനിധീകരിക്കാൻ ശ്രമിക്കുന്ന ഒരു അഭിഭാഷകൻ ജെന്നി സോട്ടോ ഫെർണാണ്ടസിനെ ഹോട്ടലിൽ സന്ദർശിക്കുന്നതിൽ നിന്ന് നാല് തവണയെങ്കിലും തടഞ്ഞു.

ചൊവ്വാഴ്ച രാവിലെ ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനം കുടിയേറ്റക്കാരുടെ ദുതിതാവസ്ഥയിലേക്ക് ഏറെ ശ്രദ്ധ ക്ഷണിച്ചു. തുടർന്ന് പനാമിയൻ വാർത്താ മാധ്യമങ്ങളിലെ അംഗങ്ങൾ ഹോട്ടലിനെ വളയാൻ തുടങ്ങി. അന്ന് രാത്രി, ഹോട്ടലിലെ ഗാർഡുകൾ ആളുകളോട് അവരുടെ ബാഗുകൾ പാക്ക് ചെയ്യാൻ പറഞ്ഞു. തുടർന്ന് നിരവധി ബസുകൾ എത്തി. അവിടെ നിന്ന് കുടിയേറ്റക്കാരെ മറ്റൊരു ഹോട്ടലിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പകരം, ബസുകൾ വിമാനത്താവളം കടന്ന് ഒരു ഹൈവേയിലേക്ക് കയറുകയും പനാമ സിറ്റിയിൽ നിന്ന് ഡാരിയൻ പ്രവിശ്യയിലേക്ക് തിരിയുകയും ചെയ്തു. ഇതിൽ രണ്ട് കുടിയേറ്റക്കാർ അവരുടെ തത്സമയ ലൊക്കേഷൻ ടൈംസുമായി പങ്കിട്ടു. അതിനാൽ വണ്ടിയുടെ റൂട്ട് ട്രാക്ക് ചെയ്യാൻ റിപ്പോർട്ടർമാർക്കു കഴിഞ്ഞു.

പനാമയെ കൊളംബിയയുമായി ബന്ധിപ്പിക്കുന്ന ഡാരിയൻ ഒരു കാടിന്റെ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഇരുനൂറോളം കുടിയേറ്റക്കാർ താമസിക്കുന്ന ക്യാമ്പിനെ ‘സാൻ വിസെന്റ്’ എന്നും വിളിക്കുന്നു. കൊളംബിയയിൽ നിന്ന് വടക്കോട്ട് ഡാരിയൻ കാടിലൂടെ യു.എസിലേക്കുള്ള യാത്രയിൽ കുടിയേറ്റക്കാർക്കുള്ള ഒരു സ്റ്റോപ്പ് പോയന്റ് എന്ന നിലയിലാണ് ഈ ക്യാമ്പ് വർഷങ്ങൾക്ക് മുമ്പ് നിർമിച്ചത്. ഇപ്പോൾ, പനാമ സർക്കാർ ഇത് നാടുകടത്തപ്പെട്ടവർക്കായി ഉപയോഗിക്കുന്നു.

അവിടെയെത്തിയപ്പോൾ, കുടിയേറ്റക്കാർക്കുള്ള വലിയ കണ്ടെയ്‌നറുകൾ തനിക്ക് കാണാനായതായി ഘസെംസാദെ പറഞ്ഞു. പൂച്ചകളും നായ്ക്കളും നിറഞ്ഞ ഒരു കൊടുംപാളയത്തെക്കുറിച്ചും അവർ വിവരിച്ചു. പേരുകളുള്ള ഫോമുകൾ പൂരിപ്പിക്കാൻ ഉദ്യോഗസ്ഥർ നിർദേശിക്കുകയും വിരലടയാളം ആവശ്യപ്പെടുകയും ചെയ്തു.

കുടിയേറ്റക്കാർക്ക് ക്രിമിനൽ രേഖകളൊന്നും ഇല്ലെന്ന് പനാമ സർക്കാർ നേരത്തെ പറഞ്ഞിരുന്നു. നിരവധി ആളുകളുടെ സെൽഫോണുകളും പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും കണ്ടുകെട്ടിയതായി പറയുന്നു. തങ്ങളുടെ കസ്റ്റഡിയിലുള്ള കുടിയേറ്റക്കാരിൽ ഒരാളായ ചൈനയിൽ നിന്നുള്ള സ്ത്രീ ഡസൻ കണക്കിന് കുടിയേറ്റക്കാർ താമസിക്കുന്ന ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തെ മൈഗ്രേഷൻ സർവിസ് ‘എക്‌സി’ൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെ അവളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. അവർ മനുഷ്യക്കടത്തുകാരുടെ കൈകളിൽ അകപ്പെടുമെന്ന് അധികാരികൾ ഭയപ്പെടുന്നുവെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *