Your Image Description Your Image Description

നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവെ നടത്തുന്ന നക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് നഗരസഭ കോൺഫറൻസ് ഹാളിൽ രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു. നാഷണൽ ജിയോ സ്‌പേഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവെ ഓഫ് അർബൻ ഹാബിറ്റേഷൻ എന്നതിന്റെ ചുരുക്കരൂപമാണ് നക്ഷ. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡണൈസേഷൻ പരിപാടി വഴിയാണ് നക്ഷ പദ്ധതി നടപ്പാക്കുന്നത്.

സ്വകാര്യ ഭൂമികൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, പൊതു സ്വത്തുക്കൾ, റെയിൽവേ ഭൂമി, നഗരസഭയുടെ ഭൂമി, ക്ഷേത്രം, ബസ് സ്റ്റാന്റ് റോഡ്, ഇടവഴികൾ, തോടുകൾ, ശ്മശാനം, പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ, യു. ജി.ഡി. ലൈൻ, ടെലഫോൺ ലൈൻ തുടങ്ങി സർക്കാർ വകുപ്പുകളുടെ വസ്തുക്കൾ ഉൾപ്പടെയുള്ളവ സർവെ വകുപ്പിന്റേയും റവന്യൂ വകുപ്പിന്റേയും നഗരസഭയുടേയും സംയുക്ത സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തിയാണ് ഭൂരേഖകൾ തയ്യാറാക്കുന്നത്. സംസ്‌ഥാനത്തെ എല്ലാ വില്ലേജുകളുടെയും സമ്പൂർണ്ണ ഡിജിറ്റൽ രേഖകള്‍ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘എൻ്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായ സർവെ പ്രവർത്തനങ്ങളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. സർവെ ജോലികൾക്കായി ഉദ്യോഗസ്‌ഥരെത്തുമ്പോൾ ഭൂ ഉടമകൾ ഭൂമിയുടെ അതിരുകളും ഉടമസ്‌ഥാവകാശം തെളിയിക്കുന്ന രേഖകളും പരിശോധനയ്ക്കായി നൽകണമെന്നും ഭൂമി ക്യത്യമായി അളന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗം വ്യക്തമാക്കി.
ഉദ്ഘാടന സമ്മേളനത്തില്‍ ഹരിപ്പാട് നഗരസഭാധ്യക്ഷൻ കെ കെ രാമകൃഷ്ണൻ അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ സുബി പ്രജിത്ത്, എഡിഎം ആശ സി എബ്രഹാം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ വിനു ആർ നാഥ്, എസ് കൃഷ്ണകുമാർ, നിർമ്മല കുമാരി, എസ് മിനി, എസ് നാഗദാസ്, നഗരസഭാഗം പി എസ് നോബിൾ, ചെങ്ങന്നൂർ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ എസ് അൻസാദ്, ഹരിപ്പാട് എഎൽസിയും റീസർവേ സൂപ്രണ്ടുമായ ബിനു മാത്യു പണിക്കർ, കാർത്തികപ്പള്ളി തഹസിൽദാർ പി എ സജീവ്കുമാർ, കാർത്തികപ്പള്ളി (ഭൂരേഖ) തഹസിൽദാർ വി ദീപു, ആലപ്പുഴ റീസർവേ സൂപ്രണ്ട് എസ് കനകസെൽവം, ഹരിപ്പാട് നഗരസഭാ സെക്രട്ടറി ബി ഷമീർ മുഹമ്മദ്, ഹരിപ്പാട് എസ്ആർഒയും സബ് രജിസ്ട്രാറുമായ ജി സജി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *