Your Image Description Your Image Description

25 വർഷം മുന്നിൽ കണ്ടുള്ള വികസനമാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി മാവേലിക്കര നിയോജകമണ്ഡലത്തിൽ പൂർത്തീകരിച്ച നൂറനാട്, പുലിമേൽ – ചുനക്കര ബണ്ട് റോഡിൻ്റെയും സംസ്ഥാനത്തെ 11 ജില്ലകളിൽ 41 അസംബ്ലി മണ്ഡലങ്ങളിലായി നിർമ്മാണം പൂർത്തീകരിച്ച 93 തീരദേശ റോഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 28 റോഡുകൾ ആണ് ആലപ്പുഴ ജില്ലയിൽ ഉദ്ഘാടനം ചെയ്തത്. തീരദേശ മേഖലയുടെ സാമൂഹിക, പശ്ചാത്തല വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ, നവീകരണ പദ്ധതി. സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നൽകുന്നത്. എല്ലാ മേഖലയെയും സ്പർശിക്കുന്ന ബഹുമുഖ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന വികസനത്തിന്‌ പണം ഇല്ലാത്തതിനാൽ കിഫ്‌ബിയിലൂടെ പണം കണ്ടെത്തി. കഴിഞ്ഞ സർക്കാർ കിഫ്‌ബിയിലൂടെ സമാഹരിച്ച 95,000 കോടി രൂപയിൽ 85,000 കോടി രൂപയുടെ പദ്ധതികളും പൂർത്തീകരിച്ചു. രണ്ടാം സർക്കാർ അധികാരമേറ്റ ശേഷം പദ്ധതിയിൽ ഉൾപ്പെടുത്തി 77 നിയോജക മണ്ഡലങ്ങളിലായി 624 റോഡ് പ്രവൃത്തികൾക്കായി 348 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിൽ ആലപ്പുഴ ജില്ലയിലെ 123 പ്രവൃത്തികൾക്കായി 71.42 കോടി രൂപ അനുവദിച്ചു. മാവേലിക്കര നിയോജക മണ്ഡലത്തിൽ 3.35 കോടി രൂപയുടെ ആറ് പ്രവൃത്തികളാണ് പൂർത്തിയാകുന്നത്. എല്ലാ റോഡുകളും സമയ ബന്ധിതമായാണ് പൂർത്തീകരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മാവേലിക്കര. അടുത്ത ഒന്നര വർഷം കഴിയുമ്പോൾ നിരവധി വികസനങ്ങൾ മാവേലിക്കരയിൽ പൂർത്തീകരിക്കാൻ കഴിയും. അടിസ്ഥാന സൗകര്യവികസനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

എം എസ് അരുൺകുമാർ എം എൽ എ അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് വലിയ പിന്തുണയാണ് തീരദേശ റോഡ് നിർമ്മാണത്തിനായി നൽകിയതെന്ന് എം എൽ എ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയായി.
95 ലക്ഷം രൂപ ചെലവഴിച്ചാണ് 650 മീറ്റർ നീളത്തിൽ നൂറനാട്, പുലിമേൽ – ചുനക്കര ബണ്ട് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആദ്യ ഘട്ടത്തിൽ 25 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ 70 ലക്ഷം രൂപയും മന്ത്രി സജി ചെറിയാൻ അനുവദിച്ചു. വിനോദ സഞ്ചാര സാധ്യതകൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പുലിമേൽ – ചുനക്കര ബണ്ട് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് വൈദ്യുതീകരണത്തിനായി അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയർ എം എ മുഹമ്മദ്‌ അൻസാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ആർ അനിൽകുമാർ, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ, ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ പ്രസന്നകുമാരി, ചുനക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി ശ്രീകുമാർ, ചുനക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി അനു, ശ്രീകല സുരേഷ്, ബി ബിനു, കെ എസ് രവി, സാദത്ത് ചാരുംമൂട്, പി മധു, എം ടി രാജീവ്‌, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *