Your Image Description Your Image Description

ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തി 2024 വൈആര്‍4 ഛിന്നഗ്രഹം. 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യത നിലനില്‍ക്കുന്നതാണ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്. അപകട സാധ്യതയുള്ളതിനാൽ ‘സിറ്റി-കില്ലര്‍’ എന്ന വിശേഷണം ഇതിനകം ഈ ഛിന്നഗ്രഹത്തിന് കിട്ടികഴിഞ്ഞു.

130 മുതല്‍ 300 അടി വരെ വലിപ്പം കണക്കാക്കുന്ന 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് മനുഷ്യഗ്രഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയൊന്നുമില്ല. എന്നാല്‍ ഛിന്നഗ്രഹം പതിക്കുന്നിടത്ത് സങ്കല്‍പിക്കാന്‍ കഴിയാത്തത്ര ഭീകരമായ നാശമുണ്ടാകും. അതിനാലാണ് ഇത്തരം ഭീഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളെ ‘സിറ്റി-കില്ലര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ പതനം സംഭവിച്ചാല്‍ ഹിരോഷിമയില്‍ പതിച്ച അണുബോംബിന്‍റെ 100 മടങ്ങ് പ്രഹരശേഷിയുണ്ടാകും എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.

2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ 5.7 കിലോമീറ്റര്‍ പ്രദേശം പൂര്‍ണമായും ഇല്ലാതാകും. 19 കിലോമീറ്റര്‍ ദൂരെ വരെ നാശനഷ്ടങ്ങളുണ്ടാകാം. വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 1.3 ശതമാനം മാത്രം സാധ്യതയാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ വെറും ഒരു മാസം കൊണ്ട് ഈ സാധ്യത 2.3 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണങ്ങള്‍ നടക്കുന്നതിനാൽ ഛിന്നഗ്രഹത്തിന്‍റെ വലിപ്പത്തെയും സഞ്ചാരപാതയെയും ഭൂമിക്കുള്ള അപകട ഭീഷണിയെയും കുറിച്ച് കൃത്യത കൈവരും. ചിലിയിലെ ദൂരദര്‍ശിനിയില്‍ 2024 ഡിസംബറിലാണ് വൈആര്‍4 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *