Your Image Description Your Image Description

തിരുവനന്തപുരം : പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ പൊതുവായ ഒരു ഡിസൈൻ പോളിസി പിന്തുടർന്നാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ ഡിസൈൻ പോളിസി കൊണ്ടുവന്നത് കേരളമാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. നവീകരിച്ച കുടപ്പനക്കുന്ന് കളക്ടറേറ്റ് ജംഗ്ഷന്റെയും എം.എൽ.എ റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു പ്രവർത്തിയും ഡിസൈൻ പോളിസിയോടെ പൂർത്തിയാക്കുന്നത് വലിയ മാറ്റങ്ങൾക്ക് രൂപം നൽകും. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾക്ക് അനുസരിച്ചാണ് പദ്ധതി രൂപകല്പന ചെയ്യുന്നത്. പൊതുഇടങ്ങൾ എങ്ങനെ ജനങ്ങൾക്ക്‌ ഉപകാരപ്രദമാക്കി മാറ്റാം എന്നതാണ് സർക്കാർ നയം. റോഡുകൾ നിർമ്മിക്കുന്നതിനൊപ്പം അമിനിറ്റി സെന്ററും ടോയ്ലറ്റ് സംവിധാനങ്ങളും സജ്ജീകരിക്കുന്നുണ്ട്. കേരളത്തിലെ പാലങ്ങൾക്ക് താഴെ പാർക്കുകളും കളിസ്ഥലങ്ങളും ഒരുക്കുന്നു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ 71 കിലോമീറ്റർ റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിലാക്കിയെന്നും മന്ത്രി പറ‍ഞ്ഞു.

കളക്ടറേറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടപ്പനക്കുന്നിന്റെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് കളക്ടറേറ്റ് ജംഗ്ഷൻ വികസനമെന്ന് എം.എൽ.എ പറഞ്ഞു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ 100 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് മാറ്റും. നിശ്ചയിച്ച എല്ലാ വികസന പ്രവർത്തനങ്ങളും സർക്കാർ ആർജ്ജവത്തോടെയാണ് ഏറ്റെടുത്ത് നടത്തുന്നത്. 820 കോടി രൂപയാണ് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്‌ ചെലവഴിക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം വേഗത്തിൽ പൂർത്തിയാക്കുമെന്നും വി.കെ പ്രശാന്ത് എംഎൽഎ പറഞ്ഞു.

ജില്ലാ കളക്ടര്‍ അനുകുമാരി മുഖ്യാതിഥിയായിരുന്നു. പൊതുജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണ് കളക്ടറേറ്റ് ജം​ഗ്ഷൻ വികസനമെന്ന് കളക്ടർ പറഞ്ഞു. കൗൺസിലർമാരായ എസ്. ജയചന്ദ്രൻ നായർ, എം.എസ് കസ്തൂരി, മീന ദിനേശ്, ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, എക്സിക്യൂട്ടീവ് എൻജിനീയർ രാജ്മോഹൻ തമ്പി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിജുകുമാർ ആർ എന്നിവര്‍ പങ്കെടുത്തു.

ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ചാണ് കളക്ടറേറ്റ് ജം​ഗ്ഷൻ നവീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെ ഉപയോഗിക്കാവുന്ന ശുചിമുറികള്‍, ഫീഡിംഗ് റൂം, സ്ത്രീകള്‍ക്കായുള്ള വിശ്രമമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കളക്ടറേറ്റ് ജം​ഗ്ഷനിൽ നിർമ്മിച്ച അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വൈഫൈ, ടിവി, എഫ്.എം റേഡിയോ, മികച്ച ഇരിപ്പിടങ്ങൾ, ക്യാമറ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ 12-ാമത്തെ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ചാണ് എം.എൽ.എ റോഡ് നവീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *