Your Image Description Your Image Description

റിയാദ്: 2025ലെ ഏഷ്യൻ ഫിസിക്‌സ് ഒളിമ്പ്യാഡിന്റെ 25-ാമത് പതിപ്പിന് സൗദി ആതിഥേയത്വം വഹിക്കും. 30 ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 240 വിദ്യാർഥികൾ പങ്കെടുക്കും. ആദ്യമായാണ് ഏഷ്യൻ ഫിസിക്‌സ് ഒളിമ്പ്യാഡിന് സൗദി ആതിഥേയത്വം വഹിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റ്‌നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ), കിങ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ് എന്നിവ ചേർന്നാണ് ഈ അന്താരാഷ്ട്ര സയൻറിഫിക് ഫോറം സംഘടിപ്പിക്കുന്നത്. യൂനിവേഴ്സിറ്റി ആസ്ഥാനത്ത് സൗദി അരാംകോയുടെ പ്രത്യേക സ്പോൺസർഷിപ്പോടെയാണ് ഇത് നടക്കുക.

ഭൗതികശാസ്ത്ര മേഖലയിലെ കഴിവുള്ള സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട വാർഷിക അന്താരാഷ്ട്ര ശാസ്ത്ര മത്സരങ്ങളിൽ ഒന്നാണ് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡ്. ഇൻറർനാഷനൽ ഫിസിക്സ് ഒളിമ്പ്യാഡിൽ ഉന്നത സ്ഥാനങ്ങൾ നേടിയ ഏഷ്യൻ രാജ്യങ്ങൾ ഇതിൽ പങ്കെടുക്കുന്നു. 12 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 1999-ൽ ഇന്തോനേഷ്യയിലാണ് ഏഷ്യൻ ഫിസിക്‌സ് ഒളിമ്പ്യാഡിന് തുടക്കം കുറിക്കുന്നത്. 2012ലാണ് സൗദി ആദ്യമായി ഈ മത്സരത്തിൽ പങ്കെടുത്തത്. അതിൽ നിന്ന് 16 അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ഈ അന്താരാഷ്ട്ര ശാസ്ത്ര മേളക്ക് ആതിഥേയത്വം വഹിക്കുന്നത് പ്രതിഭയെയും നവീകരണത്തെയും പിന്തുണയ്ക്കുന്നതിലുള്ള ഭരണകൂട താൽപര്യവും പരിഗണയും അന്താരാഷ്രട സ്ഥാപനങ്ങളുടെ സംഘടനാപരവും വൈജ്ഞാനികവുമായ കഴിവുകളിലെ ആത്മവിശ്വാസവും സ്ഥിരീകരിക്കുന്നുവെന്ന് ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർമാൻ ബദർ അൽ മജ്‌റാദി പറഞ്ഞു. ശാസ്ത്ര വിദ്യാഭ്യാസത്തിലും മാനവ മൂലധന വികസനത്തിലും കൈവരിച്ച ഗുണപരമായ പുരോഗതി ഇത് ഉൾക്കൊള്ളുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളെയും പ്രതിനിധീകരിച്ച് 90 രാജ്യങ്ങളിൽനിന്നുള്ള 333 വിദ്യാർഥികൾ പങ്കെടുത്ത 56-ാമത് ഇൻറർനാഷനൽ കെമിസ്ട്രി ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിച്ചത് റിയാദ് ആണ്. വിവിധ ശാസ്ത്ര മേഖലകളിലെ പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായതിനാൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ടീമുകളിൽനിന്നും ഇതിന് വലിയ പ്രശംസ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *