Your Image Description Your Image Description

നല്ല ആരോ​ഗ്യത്തിന് പച്ചക്കറികൾ ധാരാളം കഴിക്കണമെന്ന് നമുക്കറിയാം. പക്ഷേ പച്ചക്കറികൾ വിശ്വസിച്ച് വാങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. പണം കൊടുത്ത് വാങ്ങിക്കഴിക്കേണ്ടി വരുന്നത് വിഷമയമായ പച്ചക്കറികളാണ്. അത് നമ്മുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനു പകരം മാരകമായ രോ​ഗങ്ങളിലേക്കാണ് നയിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് അടുക്കള തോട്ടം എന്ന ആശയം എത്ര പ്രധാനമാണെന്ന് നമ്മൾ ചിന്തിക്കുന്നത്. ചെറിയ രീതിയിൽ എങ്കിലും ഒരു അടുക്കള തോട്ടം നമ്മുടെ വീടുകളിൽ അത്യാവശ്യമാണ്. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളൊക്കെ സ്വന്തമായി വീട്ടിൽ തന്നെ വളർത്തിയെടുത്ത് വിഷരഹിതവും രുചികരവുമായ പച്ചക്കറികൾ ആസ്വദിക്കാം. വേനൽ കാലത്ത് വളർത്താൻ പറ്റിയ 5 ബെസ്റ്റ് പച്ചക്കറികളും അതിന്റെ പരിചരണവും എങ്ങനെയാണെന്ന് നോക്കാം.

ചീര: 60 ശതമാനം മണ്ണ്, 40 ശതമാനം ഓർഗാനിക് കമ്പോസ്റ്റ്. ഇവ ചേർത്ത് ചട്ടിയിൽ നിറക്കുക. ചീര വിത്ത് രാത്രി മുഴുവൻ വെള്ളത്തിലിട്ടത്തിന് ശേഷം പിറ്റേന്ന് മണ്ണ് ചേർത്ത് വെച്ചിരിക്കുന്ന ചട്ടിയിൽ വിത്തുകൾ പാകുക. എല്ലാ ദിവസവും ചെറിയ രീതിയിൽ വെള്ളം തളിച്ച് കൊടുക്കണം. ഒരു മാസത്തിനുള്ളിൽ ചീര വിളവെടുക്കാവുന്നതാണ്.

വെണ്ട: 50 ശതമാനം ചകിരി ചോറ്, 25 ശതമാനം മണ്ണ്, 25 ശതമാനം വെർമി കമ്പോസ്റ്റ് എന്നിവ ചേർത്ത് ചെറിയ ചട്ടിയിൽ നിറക്കുക. അതിന് ശേഷം ചട്ടിയിലേക്ക് വിത്തുകൾ പാകണം. വെള്ളം തളിച്ചതിന് ശേഷം സൂര്യ പ്രകാശം നേരിട്ട് ലഭിക്കാത്ത സ്ഥലത്തേക്ക് ചട്ടി മാറ്റി വെക്കണം. വേണ്ട വളർന്നു വരുമ്പോൾ അതിനെ മറ്റൊരു വലിയ ചട്ടിയിലേക്ക് മാറ്റി വെക്കാവുന്നതാണ്. 10 ദിവസം ഇടവിട്ട് വളങ്ങൾ ഉപയോഗിക്കാൻ മറക്കരുത്.

ചുരക്ക: 40 ശതമാനം മണ്ണ്, 30 ശതമാനം മണൽ, 30 ശതമാനം വെർമി കമ്പോസ്റ്റ് എന്നിവ ചേർത്ത് ചട്ടിയിൽ നിറക്കുക. ശേഷം കുറച്ച് വെള്ളം തളിച്ച് കൊടുക്കുക. അര ഇഞ്ച് നീളത്തിൽ ചെറിയ കുഴി എടുത്ത് അതിലേക്ക് വിത്തുകൾ ഇടണം. അതിന് ശേഷം മീതെ മണ്ണ് മൂടാൻ ശ്രദ്ധിക്കണം. 7 ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കാൻ തുടങ്ങും. ശേഷം സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ചട്ടി മാറ്റിവെക്കണം. 25 -27 ദിവസങ്ങൾകൊണ്ട് ഇതിൽ വള്ളികൾ പടരാൻ തുടങ്ങും. 50 ദിവസം ആകുമ്പോൾ വള്ളികളിൽ പൂക്കൾ വരും. ആൺ പൂക്കളിൽ നിന്നും പോളനുകൾ ശേഖരിച്ച് പെൺ പൂക്കളെ പരാഗണം ചെയ്യണം. അതിന് ശേഷം നൂല് കൊണ്ട് പെൺ പൂക്കളെ മുകളിലേക്ക് കെട്ടി വെക്കണം. 60 ദിവസങ്ങൾ കഴിയുമ്പോഴേക്കും ചുരക്ക വളരാൻ തുടങ്ങും. 80 – 90 ദിവസങ്ങൾ കൊണ്ട് ഇത് വിളവെടുക്കാം.

വെള്ളരി: നിങ്ങൾ വാങ്ങുന്ന വെള്ളരിയിൽ നിന്നും ലഭിക്കുന്ന വിത്തുവകൾ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് ഇത് വളർത്താൻ സാധിക്കും. മണ്ണ്, മണൽ, വളം തുടങ്ങിയവ ഒരേ അളവിൽ എടുത്ത് ചട്ടിയിൽ നിറച്ചതിന് ശേഷം വെള്ളം തളിച്ച് കൊടുക്കുക. നനഞ്ഞ മണ്ണിലേക്ക് വിത്തുകൾ പാകി കൊടുക്കണം. ഒരാഴ്ച കൊണ്ട് വിത്തുവകൾ മുളച്ചു വരുന്നത് കാണാം.

കത്തിരിക്ക: 40 ശതമാനം മണ്ണ്, 30 ശതമാനം മണൽ, 30 ശതമാനം വെർമി കമ്പോസ്റ്റ് തുടങ്ങിയവ ചേർത്ത് ചട്ടിയിൽ നിറക്കുക. വലിയ ചട്ടിയിൽ നടുന്നതിനേക്കാളും ചെറിയ ട്രേയിൽ നടുന്നതാണ് നല്ലത്. പിന്നീട് അത് മറ്റൊന്നിലേക്ക് മാറ്റാവുന്നതാണ്. മണ്ണിൽ ഒരു ഇഞ്ച് ആഴത്തിൽ വേണം വിത്തുകൾ നടേണ്ടത്. 20 ദിവസത്തിനുള്ളിൽ ചെറിയ ചെടികളായി വളർന്നു വരും. അതിന് ശേഷം ചെടികളെ ആവശ്യമനുസരിച്ച് വലിയ ചട്ടിയിലേക്ക് മാറ്റി വെക്കാവുന്നതാണ്. ചാണകം, പച്ചക്കറി തൊലി, പഴവർഗങ്ങൾ തുടങ്ങിയ വളങ്ങൾ മാസത്തിൽ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *