Your Image Description Your Image Description

മലപ്പുറം : അപകടത്തില്‍പെട്ട വാഹനത്തിന് രണ്ട് വര്‍ഷമായി ഇന്‍ഷൂറന്‍സ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് തുകയായി ഒന്‍പത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവായി.

മലപ്പുറം പന്തലൂര്‍ കടമ്പോട് സ്വദേശി ഷിബുവിന്റെ കാര്‍ 2022 മെയ് 30 നാണ് മഞ്ചേരിയില്‍ അപകടത്തില്‍പെട്ട് പൂര്‍ണ്ണമായി തകര്‍ന്നത്. അപകടം നടന്ന് രണ്ടാഴ്ചക്കകം വാഹനം വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് അനുവദിക്കാന്‍ തയ്യാറാകാത്തതിനാല്‍ വാഹനം റിപ്പെയര്‍ ചെയ്യാനായില്ല. ഒരു വര്‍ഷമായിട്ടും തുക അനുവദിക്കാതെ ഇരുന്നതിനാലാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.

വാഹനം ഓടിക്കുമ്പോഴുള്ള നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്നും മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നിലവിലുണ്ടെന്നും ഈ കേസില്‍ വിധി വന്നാലാണ് ഇന്‍ഷൂറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ എന്ന് തീരുമാനിക്കാനാവുകയുള്ളു എന്നുമാണ് കമ്പനി വാദിച്ചത്. റിപ്പയര്‍ ചെയ്യാതെ വര്‍ക്ക്‌ഷോപ്പില്‍ വാഹനം കിടക്കുന്നതിനാല്‍ പ്രതിദിനം 750 രൂപ വാടക നല്‍കണമെന്ന് വര്‍ക്ക്‌ഷോപ്പ് ഉടമയും ആവശ്യപ്പെട്ടു.

രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ ഇന്‍ഷൂറന്‍സ് വൈകിക്കുന്നതിന് മതിയായ കാരണമില്ലെന്ന് കണ്ടെത്തി. പരാതിക്കാരന് ഇന്‍ഷൂറന്‍സ് തുകക്കും നഷ്ടപരിഹാരത്തിനും നിര്‍ദേശിച്ചു. കൂടാതെ വാഹനം വര്‍ക്ക് ഷോപ്പില്‍ നിന്നും കമ്പനി എടുത്തു മാറ്റണമെന്നും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഒന്‍പത് ശതമാനം പലിശയും നല്‍കണം. യൂണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയാണ് വിധി നടപ്പാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *