Your Image Description Your Image Description

ദുബൈ: യുദ്ധത്തെ തുടര്‍ന്ന് ഗാസയിലെ ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും തകര്‍ന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് ആരോഗ്യ കിറ്റുകള്‍ എത്തിച്ച് ദുബൈ. മരുന്നുകളടക്കം 68 ടണ്‍ വസ്തുക്കളാണ് വെള്ളിയാഴ്ച വിമാന മാര്‍ഗം എത്തിച്ചത്. പ്രാഥമിക ആരോഗ്യ പരിപാലനത്തിന് ആവശ്യമുള്ള അടിയന്തിര വസ്തുക്കളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത മൂന്നു മാസം ഏകദേശം 9,500 പേര്‍ക്ക് സഹായകരമാകുമിതെന്നാണ് വിലയിരുത്തല്‍.

എമിറേറ്റിലെ മാനുഷിക സഹായങ്ങള്‍ക്കുള്ള പ്രത്യേക ഫ്രീസോണായ ദുബൈ ഹ്യുമാനിറ്റേറിയനിലെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സംഭരണകേന്ദ്രത്തില്‍ നിന്നുള്ള ഈ സാധനങ്ങള്‍ ഗാസയില്‍ ജീവന്‍രക്ഷാ വൈദ്യസഹായം നല്‍കുന്നതില്‍ നിര്‍ണായകമാണ്.

യുദ്ധത്തെ തുടര്‍ന്ന് ഗാസയിലെ ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും തകര്‍ന്ന സാഹചര്യത്തില്‍ സഹായത്തിന് കൂടുതല്‍ പ്രധാന്യമുണ്ട്. ദുബൈ എയര്‍ വിങ് (ഡി.എ.ഡബ്ല്യു) വഴി നടത്തിയ ദൗത്യം ലോകാരോഗ്യ സംഘടനയെ സഹായിക്കുന്നതിനും ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തിര ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ എത്തിക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഗാസയെ സഹായിക്കാനുള്ള യു.എ.ഇയുടെ നിലപാടിന്റെ ഭാഗമാണ് ദൗത്യമെന്ന് ദുബൈ ഹ്യൂമാനിറ്റേറിയന്‍ സി.ഇ.ഒ ഗ്യൂസ്‌പ്പെ സാസ് പറഞ്ഞു. വിഭവ സമാഹരണവും അന്താരാഷ്ട്ര ജീവകാരുണ്യ സംരംഭങ്ങളുമായി സഹകരിച്ച് സഹായം ആവശ്യമുള്ളിടത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *