Your Image Description Your Image Description

കോഴിക്കോട് : കേരളത്തിൽ പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വളരെയധികം ലഘൂകരിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വ്യവസായ വാണിജ്യ വകുപ്പിന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം തളി അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

“കേരളത്തില്‍ മാറിയ സംരംഭക അന്തരീക്ഷമാണ് നിലവിലുള്ളത്. പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വളരെയധികം ലഘൂകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വ്യവസായ സംരംഭക നടപടികളും അത് ഉള്ളവാക്കിയ മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 29545 സംരംഭങ്ങള്‍ രൂപീകരിക്കപ്പെട്ടു. ഇതിലൂടെ 2537 കോടി രൂപയുടെ നിക്ഷേപം വരികയും 63,888 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയായി. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നോളജ് ഇക്കണോമി മിഷന്‍ പോലുള്ള പദ്ധതികള്‍ വഴിത്തിരിവായി മാറുമെന്നും ഇതിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായാണ് സംരംഭക വര്‍ഷം പദ്ധതിയോട് അനുബന്ധിച്ച് സംരംഭക സഭകള്‍ സംഘടിപ്പിക്കുന്നത്.

വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി, ലൈസന്‍സ് വിതരണവും മന്ത്രി നിര്‍വഹിച്ചു. സംരംഭകരുടെ സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍/ഏജന്‍സികളുടെ പ്രതിനിധികള്‍ മറുപടി നല്‍കി.

തുടര്‍ന്ന് പുതിയ വ്യവസായ നയത്തെ പറ്റിയും പിഎംഎഫ്എംഇ (പ്രധാൻ മന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ്‌ പ്രോസസ്സിംഗ് എന്റെർപ്രൈസ്സ് സ്കീം) സംബന്ധിച്ചും ക്ലാസുകള്‍ നടന്നു.

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് ഇഷാക് കളത്തിങ്കല്‍, കോര്‍പ്പറേഷന്‍ വ്യവസായ വികസന ഒഫീസര്‍ എം ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *