Your Image Description Your Image Description

കാസർഗോഡ്: മുൻ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം. കാസർഗോഡ് മൊഗ്രാലിൽ നടന്ന സംഭവത്തിൽ പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി കല്ലങ്കൈയിലെ ഹബീബ് എന്ന അഭിലാഷ്, ദേർളക്കട്ടയിലെ അഹമ്മദ് കബീർ എന്നിവരാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ സ്‌കൂളിനു സമീപത്താണ് സംഭവം നടന്നത്. പെർവാഡ് മളിങ്കര ഹൗസിലെ ഓട്ടോഡ്രൈവർ അബൂബക്കർ സിദ്ദിഖിനെയാണ് ഇരുവരും ചേർന്ന് ക്രൂരമായി ആക്രമിച്ചത്.

ഹബീബ് എന്ന അഭിലാഷിൻ്റെ മുൻ ഭാര്യയുമായി ഓട്ടോ ഡ്രൈവറായ അബൂബക്കർ സിദ്ദിഖിന് സൗഹൃദം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. 2023 ൽ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, സ്ത്രീകളെ മർദ്ദിക്കൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ഹബീബ് എന്ന അഭിലാഷ്. ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കൂട്ട് പ്രതിയായ അഹമ്മദ് കബീറിനെതിരെയും കേസ് നിലവിലുണ്ട്. ഒംനി വാനിൽ എത്തിയാണ് പ്രതികൾ ഓട്ടോ ഡ്രൈവർക്ക് നേരെ അക്രമം നടത്തിയത്. പ്രതികൾ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇരുവർക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *