Your Image Description Your Image Description

കണ്ണൂർ: ഒരു രൂപ നൽകിയാൽ കിടിലൻ ഷൂ കിട്ടുമെന്ന പരസ്യം കണ്ട് ആളുകൾ ഒഴുകിയെത്തിയതോടെ കണ്ണൂർ നഗരം ജനസമുദ്രമായി. ഒടുവിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് ഇടപെട്ട് കട താത്ക്കാലികമായി അടപ്പിക്കുകയായിരുന്നു. ടൗൺ പൊലീസിന്റെ ഇടപെടലിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയും ചെയ്തു. ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പിൽ എത്തുന്ന 75 പേർക്ക് കിടിലൻ ഷൂ എന്നതായിരുന്നു കടയുടമകളുടെ ഓഫർ.

ഞായറാഴ്ച രാവിലെയാണ് ആളുകൾ ഒരു രൂപക്ക് ഷൂ വാങ്ങാനായി കണ്ണൂർ ടൗണിലേക്കെത്തിയത്. സാമൂഹികമാധ്യമങ്ങളിലെ റീൽസ് കണ്ട് ഷൂ വാങ്ങാൻ ആദ്യ 75-ൽ ഉൾപ്പെടാൻ പുലർച്ചെ സ്ത്രീകൾ അടക്കം എത്തിയപ്പോൾ പരിസരത്താകെ ജനസമുദ്രം. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേർക്കുള്ള കിടിലൻ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയിൽ കിട്ടുമെന്നും പരസ്യത്തിലുണ്ടായിരുന്നു.

ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയിൽനിന്നും പുറത്തും ഉള്ളവർ അതിരാവിലെ എത്തി. 11 മണിയോടെ ആ പ്രദേശമാകെ ആളുകളെ കൊണ്ട് നിറഞ്ഞു. ഓഫറിന് വേണ്ടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നപ്പോൾ പോലീസ് ഇടപെട്ടു. കടപൂട്ടാൻ ഉടമകളോട് പറഞ്ഞു. ഓഫർ ലഭിക്കാത്ത നിരാശയിൽ ആളുകൾ പിരിഞ്ഞുപോയി.

Leave a Reply

Your email address will not be published. Required fields are marked *