Your Image Description Your Image Description

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കമായി. പുതിയ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. ഗവർണറായി ചുമതലയേറ്റശേഷമുള്ള ആർലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് ഇന്ന് നടന്നത്. കേരളത്തെ പുകഴ്ത്തിയും കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ചുമായിരുന്നു ​ഗവർണറുടെ നയപ്രഖ്യാപനം.

നിയമസഭയിലെത്തിയ ഗവർണറെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. മലയാളത്തിൽ നമസ്കാരം പറഞ്ഞാണ് ആർലേക്കർ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചത്. നവകേരള നിർമ്മാണത്തിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാ​ബദ്ധമാണെന്ന് ​ഗവർണർ വ്യക്തമാക്കി. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പറഞ്ഞത് കേന്ദ്രത്തിനുള്ള പരോക്ഷ വിമർശനമായി. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ടൗൺഷിപ് നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും നിയമസഭയിൽ ഗവർണർ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവരുന്നുവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവർണർ പറഞ്ഞു.

‘‘നവകേരള നിർമാണത്തിനു സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സർക്കാർ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണ്. പാഠപുസ്തക പരിഷ്‌കരണ സമിതിയിൽ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയവയ്ക്കാണു മുൻഗണന. സാമൂഹിക സുരക്ഷ ശക്തമാണ്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസം സർക്കാരിന്റെ കടമയാണ്. ഒരു വർഷത്തിനകം ടൗൺഷിപ് നിർമിക്കും.

10 വർഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായി. കാലാവസ്ഥാ വ്യതിയാനം നേരിടാൻ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും. 64004 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സംസ്ഥാനം വൻ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ്’’– ഗവർണർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *