Your Image Description Your Image Description

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചെയർമാൻ പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിന് അപ്രതീക്ഷിത പദവി നൽകിയത് ജോസഫ് വിഭാഗത്തിൽ കലാപസമാനമായ അന്തരീക്ഷം സംജാതമാക്കിയിരിക്കുകയാണ്. ജോസഫ് വിഭാഗത്തിൽ തന്റെ പിൻഗാമിയായി ചെയർമാൻ പി ജെ ജോസഫ് തന്നെ മകൻ അപ്പു ജോൺ ജോസഫിനെ നിശ്ചയിച്ചത് സമാനതകളില്ലാത്ത വലിയ പ്രതിസന്ധിയിലേക്കാണ് കേരള കോൺഗ്രസ് പാർട്ടിയെ തള്ളി വിട്ടിരിക്കുന്നത്. നിലവിൽ പാർട്ടിയിൽ ഉന്നത അധികാര സമിതി അംഗം മാത്രമായിരുന്ന അപ്പുവിനെ സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററായി അപ്രതീക്ഷിത നീക്കത്തിലൂടെ ജോസഫ് വാഴിച്ചത് രണ്ടാം നിര നേതാക്കളിൽ കടുത്ത അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്, പാർട്ടിയിലെ പ്രധാന നേതാക്കളായ എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, വർക്കിംഗ് ചെയർമാൻ പിസി തോമസ്, പാർട്ടി ജനറൽ സെക്രട്ടറി കെ ഫ്രാൻസിസ് ജോർജ് എംപി, പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം , തോമസ് ഉണ്ണിയാടൻ എന്നിവർ തങ്ങളുടെ അതൃപ്തി ജോസഫിനോട് തുറന്നുപറഞ്ഞു.

പാർട്ടിയിലെ ഏറ്റവും പ്രമുഖ നേതാവും മുൻമന്ത്രിയുമായിരുന്ന ടി യു കുരുവിള വഹിച്ചിരുന്ന പാർട്ടിയിലെ ഏറ്റവും സുപ്രധാന പദവി യാതൊരു അടിസ്ഥാനവുമില്ലാതെ സംഘടനാ കാഴ്ചപ്പാടോ, പ്രവർത്തന പരിചയമോ ഇല്ലാത്ത അപ്പുവി്ന് നൽകിയത് ചെയർമാന്റെ മകൻ എന്ന പരിഗണന വച്ചുകൊണ്ട് മാത്രമാണെന്ന് അവർ ആരോപിക്കുന്നുണ്ട്. മക്കൾ രാഷ്ട്രീയത്തെ കഴിഞ്ഞകാലങ്ങളിൽ എതിർത്ത ജോസഫ് എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ തിടുക്കപ്പെട്ട് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു അവർ ചോദിക്കുന്നു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് തൊടുപുഴയിലും മകൻ അപ്പു കോട്ടയം ജില്ലയിൽ ഏതെങ്കിലും ഒരു സുരക്ഷിത മണ്ഡലത്തിലും മത്സരിപ്പിക്കുന്നതിനാണ് അനവസരത്തിൽ ഇങ്ങനെ ഒരു പദവി നൽകിയതെന്നു അവർ ആരോപിക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി പാർട്ടിയിൽ അധികാര തർക്കം അതിൻറെ എല്ലാ സീമകളും ലംഘിച്ച് പരസ്യമായ വിഴുപ്പലക്കലിന്റെ വക്കിലെത്തിയിരുന്നു. പാർട്ടിയിൽ രണ്ടാമൻ ആകുവാൻ വേണ്ടി മുൻമന്ത്രി മോൻസ് ജോസഫും, വർക്കിംഗ് ചെയർമാൻ പിസി തോമസും, കോട്ടയം എംപി ഫ്രാൻസിസ് ജോർജ്ജും തമ്മിലുള്ള കിടമത്സരം അതിരൂക്ഷമായിരുന്നു. പലതവണ പാർട്ടി ചെയർമാൻ പിജെ ജോസഫ് ഇതിനെതിരെ വാണിംഗ് കൊടുത്തിട്ട് പോലും അധികാര തർക്കം പരിഹരിക്കുവാൻ കഴിഞ്ഞിരുന്നില്ല.

തന്റെ കാലശേഷം മതി കൂടുതൽ അധികാരം മകന് ലഭിച്ചാൽ മതിയെന്ന ധാരണയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പക്ഷേ തനിക്കുശേഷം ഇപ്പോഴത്തെ ഗ്രൂപ്പുകളി ഇങ്ങനെ മുന്നോട്ടു പോയാൽ ഒരുപക്ഷേ മകൻ അപ്പുവിന് കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കാര്യമായ പ്രസക്തി ഉണ്ടാകില്ല എന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള സ്ഥാനാരോഹണത്തിന് ഇടയാക്കിയതെന്നാണ് പാർട്ടിയുടെ അകത്തളങ്ങളിൽ നടക്കുന്ന സംസാരം തന്നെ. പാർട്ടി വൈസ് ചെയർമാൻ ആക്കണം എന്നായിരുന്നു അപ്പുവിന്റെ പോലും ഡിമാൻഡ്. പക്ഷേ അതിനേക്കാൾ ഒരു പടി കൂടി കടന്ന് മകനെ പാർട്ടിയിലെ മൂന്നാമൻ ആക്കുകയാണ് ജോസഫ് ചെയ്തത്. പാർട്ടി പദവിയിൽ മൂന്നാം സ്ഥാനമാണെങ്കിലും ഫലത്തിൽ തനിക്കുവേണ്ടി ഇനി കാര്യങ്ങൾ പറയേണ്ടത് തൻറെ മകനാണ് എന്ന ഉറച്ച തീരുമാനമാണ് ജോസഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ചൊവ്വാഴ്ച കോട്ടയത്ത് ചേർന്ന പാർട്ടി യോഗത്തിന് മുന്നോടിയായി രണ്ടുതവണയാണ് ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി ജോസഫ് ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നത്.

അപ്പുവിന് ഇങ്ങനെ ഒരു പദവി നൽകുന്നത് ശരിയല്ല എന്ന് മോൻസ് ജോസഫും, ജോയ് എബ്രഹാമും വാദിച്ചുവെങ്കിലും ജോസഫ് തന്റെ തീരുമാനം അവരെ അറിയിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ് ജോസഫിന്റെ പുതിയ തീരുമാനത്തിൽ തൃപ്തനായില്ലെങ്കിലും തൽക്കാലം എതിരായി പ്രതികരിക്കേണ്ട എന്ന് നിശ്ചയിക്കുകയായിരുന്നു. പിസി തോമസും അനുയായികളും ഇക്കാര്യത്തിൽ പി ജോസഫിന്റെ നിലപാടുകളോട് കടുത്ത ഭിന്നത ഉണ്ടെങ്കിലും അഭിപ്രായം രേഖപ്പെടുത്തുവാൻ തയ്യാറായില്ല. കേരള കോൺഗ്രസ് പാർട്ടിയിൽ പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ മോൻസ് ജോസഫ് നടത്തുന്ന ഒറ്റയാൾ നീക്കങ്ങളോട് താല്പര്യമില്ലാത്ത പിസി തോമസും കൂട്ടരും അപ്പു കടന്നുവരുന്നത് മോൻസിന്റെ അപ്രമാദിത്വം കുറയ്ക്കുവാൻ ഇടയാക്കുമെന്ന ഒറ്റക്കാരണത്താലാണ് അനുകൂലിച്ചതെന്ന് അറിയാൻ കഴിഞ്ഞു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് എന്നിൽ നിന്നും വന്ന സജി മഞ്ഞക്കടമ്പൻ അടക്കമുള്ള ആളുകളെ പാർട്ടിയിൽ നിന്നും പറഞ്ഞുവിട്ടത് മോനിസ് ജോസഫിന്റെ ഏകാധിപത്യ നടപടി മൂലമാണെന്ന് പിസി തോമസും കൂട്ടരും നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. മോൻസ് ജോസഫ് പണത്തിന്റെയും സ്വാധീനത്തിന്റെയും പിൻബലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈജാക്ക് ചെയ്യുകയാണെന്ന് പാർട്ടി ചെയർമാനോട് പലതവണ പരാതി പറഞ്ഞിട്ടുള്ള പിസി തോമസ് അപ്പുവിന്റെ സ്ഥാനാരോഹണത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിസി തോമസ് കാഞ്ഞിരപ്പള്ളിയിലും, അപ്പു ഏറ്റുമാനൂരും മത്സരിക്കുവാൻ ആണ് ലക്ഷ്യമിടുന്നത്. ഏറ്റുമാനൂർ സീറ്റ് തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ പകരമായി ലഭിക്കുന്ന മറ്റൊരു സുരക്ഷിത മണ്ഡലത്തിൽ അപ്പുവിനെ നിർത്തി ജയിപ്പിക്കുവാനാണ് പാർട്ടി തീരുമാനം. ഒരുവേള തൊടുപുഴയിൽ പി ജെ ജോസഫ് മത്സരിക്കാതിരുന്നാൽ മത്സരിക്കുക അപ്പു ആയിരിക്കും എന്നുള്ള സൂചനയും ജോസഫ് അടുത്ത അനുയായികൾക്ക് നൽകിക്കഴിഞ്ഞു. തൊടുപുഴ സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അര ഡസനോളം സ്ഥാനമോഹികൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. അപ്പുവിന്റെ നോമിനേഷൻ. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ എം ജെ ജേക്കബ്, അഡ്വ,ജോസി ജേക്കബ്, എം മോനിച്ചൻ, പ്രൊഫ ഷീല സ്റ്റീഫൻ തുടങ്ങി പ്രഗൽഭരുടെ വലിയൊരു നിര തന്നെ തൊടുപുഴ സീറ്റ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുണ്ട്. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ തങ്ങളിൽ ഒരാളായിരിക്കണം സ്ഥാനാർത്ഥി എന്ന നിലയിൽ അവർ പരസ്യമായ പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന പക്ഷം ജില്ലയിൽ ജോസഫു വിഭാഗം മത്സരിക്കുന്ന ഏക സീറ്റിൽ ജോസഫിന്റെ പിന്തുടർച്ച അവകാശിയായി മകൻ അപ്പു വരുന്നത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഭീഷണിയായി അവർ കരുതുന്നു. തൊടുപുഴയിലെ പ്രധാനപ്പെട്ട നേതാക്കൾ രണ്ടുചേരിയായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട വിഭാഗം കടത്തുരുത്തി എംഎൽഎ കൂടിയായ മോൻസ് ജോസഫിനെ പിന്താങ്ങുന്നു. അപ്പുവിന്റെ സ്ഥാനാരോഹണത്തിലൂടെ പാർട്ടി നേതാക്കൾക്ക് ജോസഫ് നൽകുന്ന സന്ദേശം. തനിക്കുശേഷം അപ്പുവാണ് പാർട്ടി ചെയർമാനായി വരേണ്ടത് എന്നുള്ളതാണ്. ഇതിനെ ഒരു തരത്തിലും അംഗീകരിക്കുവാൻ പാർട്ടിയിലെ പ്രബല വിഭാഗം സമ്മതിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. മോൻസിനെ ഒതുക്കുവാൻ അപ്പുവിനെ ഉപകരിക്കുമെങ്കിലും ജോസഫിനു ശേഷം താനാണ് ചെയർമാനായി വരേണ്ടത് എന്നുള്ളതാണ് പിസി തോമസിന്റെ ആഗ്രഹവും പ്രതീക്ഷയും, പാർട്ടിയിലെ പ്രതിസന്ധിഘട്ടത്തിൽ ഉറച്ചുനിൽക്കുകയും പാർട്ടി പ്രവർത്തനത്തിന് പണം നൽകുകയും ചെയ്ത താനാണ് അടുത്ത അവകാശി എന്നുള്ള മട്ടിലാണ് മോൻസ് ജോസഫിന്റെ നിലപാടുകൾ.

ഇതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുവാൻ റെഡിയായിട്ടാണ് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്ജ് നിലകൊള്ളുന്നത്. താൻ ചെയർമാനായ പാർട്ടി ഉപേക്ഷിച്ച് ജോസഫ് വിഭാഗത്തിൽ ചേക്കേറിയത് തന്നെ, ജോസഫിന് ശേഷം ആ പാർട്ടി കൈപ്പിടിയിൽ ഒതുക്കുവാൻ വേണ്ടിയാണെന്ന് പകൽ പോലെ വ്യക്തം. പാർട്ടിയിലെ വിഭാഗീയ നിലപാടുകൾ ഇനിയും തുടർന്നാൽ തന്റെ മകൻ അപ്പുവിന് കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കാര്യമായ പ്രസക്തി ഉണ്ടാകില്ല എന്ന് തിരിച്ചറിവാണ് അനവസരത്തിൽ എങ്കിലും അപ്പുവിനെ ഏറ്റവും സുപ്രധാനമായ പദവിയിൽ തന്ത്രശാലിയായ ജോസഫ് പ്രതിഷ്ഠിച്ചത് എന്ന് സാരം. എന്തായാലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് താൻ ഉദ്ദേശിക്കുന്ന പോലെ മകൻ അപ്പുവിനെ ഏറ്റവും സുപ്രധാന പദവിയിൽ വായിക്കാൻ കഴിഞ്ഞു എന്നുള്ളത് ജോസഫിന്റെ തന്ത്രപരമായ രാഷ്ട്രീയത്തിന്റെ വിജയം തന്നെയാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അപ്പു മത്സര രംഗത്ത് ഉണ്ടാകും എന്നുള്ള കാര്യത്തിൽ തീരുമാനമായി കഴിഞ്ഞു. മണ്ഡലം ഏതാണെന്ന് മാത്രമാണ് ഇനി അറിയുവാൻ ഉള്ളത്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ മറ്റൊരു മകൻ കഥാപാത്രം കൂടി അങ്ങനെ രംഗപ്രവേശം ചെയ്തു കഴിഞ്ഞു. പൊതുസമൂഹം എങ്ങനെ ഇതിനെ ഉൾക്കൊള്ളുമെന്ന് വരും നാളുകളിൽ കണ്ടറിയാം

Leave a Reply

Your email address will not be published. Required fields are marked *