Your Image Description Your Image Description

കൊച്ചി: കൊച്ചിയിൽ കാർണിവൽ കമ്മിറ്റിയുടെ പേരിൽ അല്ലാതെ ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന ചെറിയ പപ്പാഞ്ഞിയെ ഉടനെ നീക്കണമെന്ന് പോലീസ് നിർദേശം. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ് നൽകിയത്.

കൊച്ചിയിലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ആ സമയം നിരവധി ദേശങ്ങളിൽ നിന്ന് ആളുകൾ കാർണിവൽ നടക്കുന്നടത്തേയ്ക്ക് ഒഴുകിയെത്തും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. പരേഡ് ഗ്രൗണ്ടിലും ചുറ്റുവട്ടത്തുമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍തന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

നോട്ടീസ് ലഭിച്ച് ഇരുപത്തിനാല് മണിക്കൂറിനകം നിര്‍മാണത്തിലിരിക്കുന്ന പാപ്പാഞ്ഞിയെ മാറ്റണമെന്നും അതല്ലെങ്കില്‍ പുതുവത്സര ദിനത്തില്‍ മറ്റാരെങ്കിലും ആ പാപ്പാഞ്ഞിയെ കത്തിച്ചാല്‍ അത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

പാപ്പാഞ്ഞിയെ കത്തിക്കലിന്റെ ഐതീഹ്യമെന്ത്?

സംഭവബഹുലമായ പിന്നിട്ട വർഷത്തിന്റെ പ്രതീകാത്മക രൂപമാണ് പപ്പാഞ്ഞി. ആയുസിൽ ഒരു വർഷം കൂടി കാണാൻ ഭാഗ്യമുണ്ടായതിന് നന്ദി പറഞ്ഞാണ് പ്രതീകാത്മകമായി പപ്പാഞ്ഞിയെ കത്തിക്കുന്നത്. ഒപ്പം വരാനിക്കുന്ന പുതുവർഷത്തെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് കൊച്ചിക്കാർ ചെയ്യുന്നത്. പപ്പാഞ്ഞിക്ക് പ്രത്യേകിച്ച് ഒരു മതവുമായോ ക്രിസ്തുമസുമായോ ബന്ധമില്ലെന്നും സംഘാടകർ ആവർത്തിച്ച് വ്യക്തമാക്കിയതുമാണ്.

പൊതുവെയുള്ള ധാരണകൾ വിപരീതമായി ‘പപ്പാഞ്ഞി’ എന്നാൽ സാന്താക്ലോസ് അപ്പൂപ്പനല്ല. സാന്താക്ലോസ് രൂപത്തെ ഒരിക്കലും കത്തിക്കാനും പാടില്ലാത്തതാണ്. പണ്ട് കൊച്ചിയുടെ ഭരണം കയ്യാളിയിരുന്ന പോർച്ചുഗീസുകാരുടെ ഭാഷയിൽ പപ്പാഞ്ഞിക്ക് മുത്തച്ഛൻ എന്നും മമ്മാഞ്ഞിക്ക് മുത്തശ്ശി എന്നുമാണ് അർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *