Your Image Description Your Image Description

മലപ്പുറം : കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. വ്യക്തികളുടെ സമഗ്രമായ ക്ഷേമവും ഉന്നമനവും ഉറപ്പാക്കി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

സന്തോഷത്തിന് ആധാരമായ ആരോഗ്യം, വരുമാനം, ലിംഗനീതി തുടങ്ങിയവ ഉറപ്പാക്കുന്നതാണ് പദ്ധതി. ആനക്കയം, വാഴക്കാട്, വട്ടംകുളം, മാറഞ്ചേരി, ആതവനാട്, പുറത്തൂര്‍, നിറമരുതൂര്‍, വേങ്ങര, എടവണ്ണ, മൂത്തേടം, അമരമ്പലം, പുഴക്കാട്ടിരി, വള്ളിക്കുന്ന്, താഴേക്കോട്, തൃക്കലങ്ങോട് എന്നിങ്ങനെ 15 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുക.

തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിയോ കുടുംബമോ നേരിടുന്ന അപര്യാപ്തതകള്‍ പരിഹരിച്ച് അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായകമാകുന്ന വിധത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.

വിവിധ മേഖലയിലുള്ളവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി ഓരോ കുടുംബങ്ങളിലെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സന്തോഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ഉതകുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പ്രായഭേദമന്യേ സമൂഹത്തിലെ ഓരോ വ്യക്തിക്കും പരിശീലനം നല്‍കും. സംസ്ഥാനത്തെ സാഹചര്യങ്ങളനുസരിച്ച് സന്തോഷ സൂചിക തയ്യാറാക്കി വിവിധ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തും.

പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടാംവാരം സംസ്ഥാനതലത്തില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ അടുത്ത മാസം ജില്ലാതലപരിശീലനം നടത്തും. ജില്ലാതലപരിശീലത്തിന് ശേഷം വാര്‍ഡുകളില്‍ 20 മുതല്‍ 40 വരെയുള്ള കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഇടങ്ങള്‍’ രൂപീകരിച്ച് പരിശീലനം നല്‍കും. സര്‍വ്വേകള്‍, മൈക്രോ പ്ലാന്‍ രൂപീകരണം തുടങ്ങി മറ്റു പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *