Your Image Description Your Image Description

ചേളാരി: വഖഫ് സ്വത്തുക്കളുടെ സംരക്ഷണം എന്ന പേരില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ വഖഫ് ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതി പരിശോധിക്കുമ്പോള്‍ ഉത്തരവാദപ്പെട്ട മുസ്ളീം പണ്ഡിതന്മാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവണമെന്നും നിലവില്‍ ചൂണ്ടിക്കാണിക്കപ്പെട്ട തെറ്റുകള്‍ തിരുത്തി മുഴുവന്‍ ആശങ്കകളും ദൂരീകരിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമസ്ത കേരള മദ്‌റസാ മേനേജ്‌മെന്റ് അസോസിയേഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇതിനകം തന്നെ രാജ്യത്ത് പലയിടത്തും പുരാതന മസ്ജിദുകളും ദര്‍ഗ്ഗകളും പിടിച്ചെടുക്കാനും തകര്‍ക്കാനും ഛിദ്ര ശക്തികള്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത്തരക്കാരുടെ അഴിഞ്ഞാട്ടത്തിന് കൂടുതല്‍ കളമൊരുക്കുന്ന വിവാദ ഭാഗങ്ങള്‍ ബില്ലില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

മദ്രസ്സകളുടെ സമഗ്ര ശാക്തീകരണ പദ്ധതിയായ ‘ബി സ്മാര്‍ട്ട്-25’ -ന്റെ ഭാഗമായി മേനേജ്‌മെന്റ്, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള പ്രത്യേക പരിശീലനങ്ങള്‍ ഓരോ മദ്‌റസയിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഒക്ടോബറില്‍ നടക്കുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിനും യോഗം നടപടികള്‍ ആവിഷ്‌കരിച്ചു. സുപ്രഭാതം പത്രത്തിന്റെ പ്രചരണ കാമ്പയിന്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് മദ്‌റസ മേനേജ്‌മെന്റുകളോട് യോഗം അഭ്യര്‍ത്ഥിച്ചു. ജനറല്‍ സെക്രട്ടറി ഇ മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷത വഹിച്ചു. സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നേതാക്കളായ കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം, ബി സ്മാര്‍ട്ട് സമിതി അംഗങ്ങളായ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.എം കുട്ടി എടക്കുളം, ഇബ്‌നു ആദം കണ്ണൂര്‍, റഫീഖ് ഹാജി മംഗലാപുരം, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വീനര്‍ അഡ്വ. നാസര്‍ കാളമ്പാറ സ്വാഗതവും ഒ.കെ.എം കുട്ടി ഉമരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *