Your Image Description Your Image Description

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിലെ നാലാം പ്രതിക്ക് ജോലി തേടി വിദേശത്തേക്ക് പോകാൻ അനുമതി. ഉത്രയുടെ ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്‌ക്കാണ് കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് അനുമതി നൽകിയത്.

അച്ഛൻ പക്ഷാഘാതം വന്ന് കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്ക് കേസ് കാരണം നാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും വിദേശത്ത് തൊഴിൽ തേടിപ്പോകാൻ പാസ്പോർട്ട് എടുക്കാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സൂര്യ ഹർജി സമർപ്പിച്ചത്. പ്രോസിക്യൂഷൻ എതിർത്തെങ്കിലും കർശന ഉപാധികളോടെ കോടതി അനുമതി നൽകുകയായിരുന്നു.

തൊഴിൽ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസ സ്ഥലം, തൊഴിൽ ദാതാവ് തുടങ്ങിയ വിവരങ്ങൾ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. വിചാരണ കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും സൂര്യയെ ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീധന പീഡനക്കേസിൽ ഉത്രയെ മൂർഖൻ പാമ്പിന്റെ കടിയേൽപിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് സൂരജും ശിക്ഷ അനുഭവിക്കുകയാണ്. അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് മറ്റ് പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *